---
title: " വയോജനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഏത് വിഷയങ്ങളിലും കമ്മീഷനെ സമീപിക്കാം: വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദ്"
english_title: "Senior Citizens' Welfare is Society's Responsibility "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383840/senior-citizens-welfare-kerala-commission-chairman-adv-k-somaprasad-sitting"
published_at: "2026-09-22T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab2a114f40fd_senior_z.jpg"
keywords: ["Senior Citizens Commission", "Adv K Somaprasad", "Kannur Collectorate"]
---

#  വയോജനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഏത് വിഷയങ്ങളിലും കമ്മീഷനെ സമീപിക്കാം: വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദ്

> **Lead Summary:** കണ്ണൂർ: വയോജനങ്ങൾ പ്രധാനമായും പ്രശ്നങ്ങൾ നേരിടുന്നത് കുടുംബങ്ങൾക്കുള്ളിൽ നിന്നുതന്നെയാണെന്നും സമൂഹവും കുടുംബവും ഒരുപോലെ മാറിചിന്തിച്ചാൽ മാത്രമേ വയോജനക്ഷേമം പൂർണ്ണാർത്ഥത്തിൽ സാധ്യമാകൂ എന്നും വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദ് വ്യക്തമാക്കി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വയോജന കമ്മീഷൻ സിറ്റിംഗിൽ പരാതികൾ പരിഗണിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കണ്ണൂർ: വയോജനങ്ങൾ പ്രധാനമായും പ്രശ്നങ്ങൾ നേരിടുന്നത് കുടുംബങ്ങൾക്കുള്ളിൽ നിന്നുതന്നെയാണെന്നും സമൂഹവും കുടുംബവും ഒരുപോലെ മാറിചിന്തിച്ചാൽ മാത്രമേ വയോജനക്ഷേമം പൂർണ്ണാർത്ഥത്തിൽ സാധ്യമാകൂ എന്നും വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദ് വ്യക്തമാക്കി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വയോജന കമ്മീഷൻ സിറ്റിംഗിൽ പരാതികൾ പരിഗണിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി തേടി വയോജനങ്ങളുടെ നിരവധി പരാതികളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി കമ്മീഷന് മുൻപാകെ എത്തുന്നത്. കേന്ദ്ര സർക്കാർ 2007-ൽ പാസാക്കിയ നിയമത്തെ അടിസ്ഥാനമാക്കി വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ആർ.ഡി.ഒ.മാരെ പ്രിസൈഡിങ് ഓഫീസർമാരാക്കി ട്രിബ്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിലവിൽ ഇത്തരത്തിലുള്ള 27 ട്രിബ്യൂണലുകളാണുള്ളത്. എന്നാൽ അനുദിനം വർദ്ധിച്ചുവരുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഇവ മതിയാവാത്ത സാഹചര്യമാണുള്ളതെന്നും ഇതിന് മാറ്റമുണ്ടാകാൻ പ്രത്യേക ട്രിബ്യൂണലുകൾ പോലെയുള്ള പകരം സംവിധാനങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാതാപിതാക്കളെ ശരിയായി സംരക്ഷിക്കാത്ത സംഭവങ്ങളിൽ മക്കൾക്ക് വീതം വെച്ചുനൽകിയ സ്വത്ത് തിരിച്ചുപിടിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും അതിനായി ഏറെക്കാലം കാത്തിരിക്കേണ്ടി വരുന്നുവെന്നതാണ് വയോധികരുടെ പ്രധാന പരാതി. കമ്മീഷന് മുന്നിലെത്തുന്ന പരാതികൾ പരമാവധി വേഗത്തിൽ തീർപ്പാക്കുകയാണ് ലക്ഷ്യം. പരാതിക്കാരെയും ബന്ധപ്പെട്ടവരെയും പ്രത്യേകം ഹിയറിംഗ് നടത്തി ഇരുഭാഗവും ശ്രദ്ധയോടെ കേട്ട ശേഷമാണ് കമ്മീഷൻ തീരുമാനമെടുക്കുന്നത്. 60 വയസ്സിന് മുകളിലുള്ളവരുടെ അവകാശനിഷേധം, മോശം പെരുമാറ്റം, അവഗണന തുടങ്ങിയ ഏത് വിഷയങ്ങളിലും കമ്മീഷനെ സമീപിക്കാം. പരാതിക്കാരൻ നേരിട്ടെത്തണമെന്ന് നിർബന്ധമില്ലെന്നും മറ്റാർക്കും പരാതി നൽകാമെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളക്ടറേറ്റിൽ നടന്ന സിറ്റിംഗിൽ മുൻപ് ലഭിച്ച പരാതികളിൽ കുടുംബാംഗങ്ങളുടെ ഹിയറിംഗ് നടത്തുകയും പുതിയ മൂന്ന് പരാതികൾ സ്വീകരിച്ച് തുടർനടപടികൾക്കായി കൈമാറുകയും ചെയ്തു. വയോജന കമ്മീഷൻ അംഗം കെ.എൻ.കെ. നമ്പൂതിരി, കമ്മീഷൻ സെക്രട്ടറി ജി. വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു, ഓഫീസ് അസിസ്റ്റന്റ് എം.എ. അഖിൽ എന്നിവർ സിറ്റിംഗിൽ സംബന്ധിച്ചു. പകൽവീടിന് സ്ഥലം നൽകിയിട്ടും നിർമ്മാണാനുമതി നിഷേധിക്കുന്നുവെന്ന തെരുവിലെ സീനിയർ സിറ്റിസൺ ഫോറത്തിന്റെ പരാതിയെത്തുടർന്ന് സിറ്റിംഗിന് ശേഷം കമ്മീഷൻ കീഴല്ലൂരിൽ നേരിട്ടെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383840/senior-citizens-welfare-kerala-commission-chairman-adv-k-somaprasad-sitting)