---
title: "കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിൽ ഇനി വെയ്റ്റിംഗ് ലിസ്റ്റ് സംവിധാനം; ടൂറിസം ഡിവിഷൻ ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ"
english_title: "KSRTC Waiting List System Introduced for Bus Ticket Reservation Tourism Division Soon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383897/ksrtc-waiting-list-system-introduced-for-bus-ticket-reservation-tourism-division-soon"
published_at: "2026-09-23T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab37dc8a6600_images.jpeg"
keywords: ["KSRTC Ticket Reservation", "KSRTC Waiting List", "KSRTC Tourism Division", "KSRTC Online Booking", "Kerala News"]
---

# കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിൽ ഇനി വെയ്റ്റിംഗ് ലിസ്റ്റ് സംവിധാനം; ടൂറിസം ഡിവിഷൻ ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

> **Lead Summary:** **തിരുവനന്തപുരം**: കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിൽ ഇനി ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി വെയ്റ്റിംഗ് ലിസ്റ്റ് സംവിധാനം പ്രാബല്യത്തിൽ വരുത്തുന്നു. ഇതോടൊപ്പം കെഎസ്ആർടിസിയുടെ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിൽ ഇനി ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി വെയ്റ്റിംഗ് ലിസ്റ്റ് സംവിധാനം പ്രാബല്യത്തിൽ വരുത്തുന്നു. ഇതോടൊപ്പം കെഎസ്ആർടിസിയുടെ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.

കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ ഭാരത് ദർശൻ യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ ബജറ്റ് ടൂറിസം സെല്ലിനായി പ്രത്യേകം തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയറിന്റെയും വെയിറ്റിങ് ലിസ്റ്റ് സംവിധാനത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വന്നതോടെ യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.

ടിക്കറ്റുകൾ പൂർണ്ണമായി ബുക്ക് ചെയ്യപ്പെട്ടാൽ വെയ്റ്റിംഗ് ലിസ്റ്റ് സൗകര്യം ലഭ്യമാകുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും. കൂടാതെ കെഎസ്ആർടിസി ബസുകൾ ലീസിന് നൽകുന്ന പദ്ധതിക്ക് വൻ ജനപ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലേക്ക് തന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് ബസുകൾ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

സംസ്ഥാന ജലഗതാഗത വകുപ്പിനെയും കെഎസ്ആർടിസിയെയും കോർത്തിണക്കി സംയുക്ത പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജലഗതാഗത വകുപ്പ് സിയാലിൽ (CIAL) നിന്ന് വാടകയ്‌ക്കെടുത്ത സോളാർ ബോട്ടുകൾ ഉപയോഗിച്ച് സെപ്റ്റംബർ 30 മുതൽ പാർവതി പുത്തനാറിൽ ബോട്ടിംഗ് സർവീസ് ആരംഭിക്കും. കൂടാതെ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിൽ പങ്കാളിയാകുന്നതിനായി കെഎസ്ആർടിസി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി പ്രത്യേക ട്രക്കുകൾ വാടകയ്‌ക്കെടുക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383897/ksrtc-waiting-list-system-introduced-for-bus-ticket-reservation-tourism-division-soon)