---
title: "കണ്ണൂരിൽ അനധികൃത ചെങ്കൽ ഖനനം തടയണം; ജിയോളജി ഓഫീസിലേക്ക് മാർച്ചും ധർണയും സെപ്തംബർ 25ന്"
english_title: "Kannur Illegal Laterite Mining Protest Geology Office March Dharna Environmental Committee Drone Survey Demand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383917/kannur-illegal-laterite-mining-protest-geology-office-march-dharna-september-25"
published_at: "2026-09-23T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab39e5f022be_1000235592.jpg"
keywords: ["Kannur Illegal Mining", "Laterite Quarry", "Geology Office March", "Environmental Coordination Committee"]
---

# കണ്ണൂരിൽ അനധികൃത ചെങ്കൽ ഖനനം തടയണം; ജിയോളജി ഓഫീസിലേക്ക് മാർച്ചും ധർണയും സെപ്തംബർ 25ന്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ജില്ലയിൽ ലൈസൻസില്ലാതെ നടത്തിവരുന്ന അനധികൃത ഖനനം തടയാൻ നടപടി സ്വീകരിക്കുക, ഇന്ന് ബാക്കിയുള്ള ചെങ്കൽ പാറപ്പരപ്പുകളുടെയും കുന്നുകളുടെയും സ്ഥിതി അറിയുന്നതിന് ഡ്രോൺ, സാറ്റലൈറ്റ് സർവേ നടത്തുക, അനധികൃത ഖനനം തടയാൻ കർണാടക, ഗോവ സംസ്ഥാനങ്ങൾ പിന്തുടരുന്ന മാതൃക ഇവിടെയും സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 25ന് രാവിലെ 10 മണിക്ക് കണ്ണൂർ ജിയോളജി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും മാർച്ച് തുടങ്ങും.

## Article Content

**കണ്ണൂർ: **കണ്ണൂർ ജില്ലയിൽ ലൈസൻസില്ലാതെ നടത്തിവരുന്ന അനധികൃത ഖനനം തടയാൻ നടപടി സ്വീകരിക്കുക, ഇന്ന് ബാക്കിയുള്ള ചെങ്കൽ പാറപ്പരപ്പുകളുടെയും കുന്നുകളുടെയും സ്ഥിതി അറിയുന്നതിന് ഡ്രോൺ, സാറ്റലൈറ്റ് സർവേ നടത്തുക, അനധികൃത ഖനനം തടയാൻ കർണാടക, ഗോവ സംസ്ഥാനങ്ങൾ പിന്തുടരുന്ന മാതൃക ഇവിടെയും സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 25ന് രാവിലെ 10 മണിക്ക് കണ്ണൂർ ജിയോളജി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും മാർച്ച് തുടങ്ങും.

കണ്ണൂർ റവന്യു ജില്ലയിൽ പ്രവർത്തിക്കുന്ന 400ലേറെ ചെങ്കൽ പണകളിൽ 32 എണ്ണത്തിന് മാത്രമാണ് ജിയോളജി വകുപ്പ് ഖനനാനുമതി നൽകിയിട്ടുള്ളത്. പയ്യന്നൂർ ആലപ്പടമ്പ വില്ലേജിൽ മാത്രം 22 ചെങ്കൽ പണകൾ യാതൊരു അനുമതിയുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഈ കാര്യം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാമെങ്കിലും പേരിന് മാത്രമേ നടപടിയെടുക്കുന്നുള്ളൂ.

കൊത്തിയൊഴിയുന്ന ചെങ്കൽ പണകൾ അതേ പോലെ ഖനനം നടത്തുന്നവർ ഉപേക്ഷിക്കുകയാണ്. ഇത് കാരണം പരിസര പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽ വെള്ളം വറ്റുന്നു. വേനൽ ആരംഭത്തിൽ തന്നെ കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റുന്നതിനാൽ കൃഷിയിടങ്ങൾ തരിശായി മാറുകയാണ്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ പുഴകളിൽ അധികവും ഉത്ഭവിക്കുന്നത് ഇടനാടൻ ചെങ്കൽകുന്നുകളിൽ നിന്നാണ്. പെരുമ്പ, കവ്വായി, രാമപുരം പുഴകൾ ഇതിന് ഉദാഹരണങ്ങളാണ്. വേനലിലും ഒഴുകുന്ന പുഴകളിലേക്ക് വെള്ളം ഊറുന്നത് ചെങ്കൽകുന്നുകളിൽ നിന്നാണ്. ചെങ്കൽപ്പാറ പരപ്പുകളും കുന്നുകളും നാടിന്റെ പ്രധാന ജലസംഭരണിയാണെന്ന് ജില്ലാ പരിസ്ഥിതി ഏകോപന സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

വാർത്താ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതി കൺവീനർ കെ.ഇ. കരുണാകരൻ, പ്രസിഡന്റ് വി.സി. ബാലകൃഷ്ണൻ, സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ, എൻ. സുബ്രഹ്മണ്യൻ, സി. ദിവാകരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383917/kannur-illegal-laterite-mining-protest-geology-office-march-dharna-september-25)