---
title: "കൊട്ടിയൂരിൽ മുട്ടക്കോഴി വിതരണ പദ്ധതിക്ക് തുടക്കമായി; 653 ഗുണഭോക്താക്കൾക്ക് 6530 കോഴികൾ"
english_title: "Kottiyoor Layer Chicken Distribution Project 653 Beneficiaries 6530 Chickens Cicily Kannamthanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383928/kottiyoor-layer-chicken-distribution-project-653-beneficiaries-cicily-kannamthanam"
published_at: "2026-09-23T16:39:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3b3dd143b5_1000235619.jpg"
keywords: ["Kottiyoor Panchayat", "Layer Chicken Project", "Egg Nursery Kudumbashree", "Chungakkunnu Veterinary Polyclinic"]
---

# കൊട്ടിയൂരിൽ മുട്ടക്കോഴി വിതരണ പദ്ധതിക്ക് തുടക്കമായി; 653 ഗുണഭോക്താക്കൾക്ക് 6530 കോഴികൾ

> **Lead Summary:** **ചുങ്കക്കുന്ന്: **കൊട്ടിയൂർ പഞ്ചായത്തിന്റെ 2026-27 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി.

## Article Content

**ചുങ്കക്കുന്ന്: **കൊട്ടിയൂർ പഞ്ചായത്തിന്റെ 2026-27 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി.

ചുങ്കക്കുന്ന് വെറ്ററിനറി പോളിക്ലിനിക്കിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്തിലെ മുട്ട ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കുടുംബങ്ങൾക്ക് ഒരു ചെറിയ ഉപജീവന മാർഗം ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം 14 വാർഡുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 653 ഗുണഭോക്താക്കൾക്കായി ആകെ 6,530 മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ 165 പേർക്കായി 1,650 കോഴികളെ വിതരണം ചെയ്തു. ബാക്കിയുള്ളവ അടുത്ത മാസങ്ങളിലായി ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കുടുംബശ്രീക്ക് കീഴിലുള്ള 16 എഗ്ഗ് നഴ്സറികളിൽ വളർത്തിയെടുത്ത കോഴികളെയാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പടാകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ. പി.എൻ. ഷിബു പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജിൻസി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ഷാജി തെങ്ങുംപള്ളി, രവീന്ദ്രൻ നീണ്ടാൻ, വെറ്ററിനറി സർജൻ ഡോ. ആര്യ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383928/kottiyoor-layer-chicken-distribution-project-653-beneficiaries-cicily-kannamthanam)