---
title: "ആയില്യാർക്കാവിലെ മരംമുറി വിവാദം: ദേവസ്വം ഓഫീസിലേക്ക് കുറിച്ച്യ മുന്നേറ്റ സമിതി പ്രകടനം വ്യാഴാഴ്ച; ക്ഷേത്രത്തിൽ നാമജപവുമായി കുടിപതി സംഘം"
english_title: "Kottiyoor Temple: Kurichya Samiti March on Thursday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383941/ikkare-kottiyoor-ayilyarkavu-tree-cutting-controversy-protest-kurichya-samiti"
published_at: "2026-09-23T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3d99adaeb7_WhatsApp_Image_2026-09-23_at_17.53.07.jpeg"
keywords: []
---

# ആയില്യാർക്കാവിലെ മരംമുറി വിവാദം: ദേവസ്വം ഓഫീസിലേക്ക് കുറിച്ച്യ മുന്നേറ്റ സമിതി പ്രകടനം വ്യാഴാഴ്ച; ക്ഷേത്രത്തിൽ നാമജപവുമായി കുടിപതി സംഘം

> **Lead Summary:** കൊട്ടിയൂർ: ഇക്കരക്കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർക്കാവിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം അധികൃതർ പുറത്തിറക്കിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവസ്വത്തിന്റെ വിശദീകരണം തങ്ങളുടെ സമുദായത്തിന് അപമാനകരമാണെന്ന് ആരോപിച്ച് ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊട്ടിയൂർ ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.

## Article Content

കൊട്ടിയൂർ: ഇക്കരക്കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർക്കാവിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം അധികൃതർ പുറത്തിറക്കിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവസ്വത്തിന്റെ വിശദീകരണം തങ്ങളുടെ സമുദായത്തിന് അപമാനകരമാണെന്ന് ആരോപിച്ച് ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊട്ടിയൂർ ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.

ക്ഷേത്രത്തിന് ഭീഷണിയായ മരങ്ങൾ മുറിക്കാൻ ജില്ലാ കളക്ടറുടെ അനുമതിയുണ്ടായിരുന്നുവെന്ന് പറയുമ്പോഴും, സംഭവം വിവാദമായതോടെ അതിന്റെ ഉത്തരവാദിത്തം മുഴുവൻ കുറിച്ച്യ സമുദായത്തിന്റെ മേൽ ചാരി രക്ഷപ്പെടാനാണ് ദേവസ്വം ഭരണസമിതി ശ്രമിക്കുന്നതെന്ന് മുന്നേറ്റ സമിതി കുറ്റപ്പെടുത്തി. അതേസമയം, ആയില്യാർക്കാവിലെ മരംമുറിയുമായി ബന്ധപ്പെട്ട് കടുത്ത ആചാരലംഘനമാണ് നടന്നിട്ടുള്ളതെന്ന് കൊട്ടിയൂർ മഹാക്ഷേത്ര കുടിപതി സംഘവും ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ഒൻപത് മണി മുതൽ ഇക്കരക്കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ നാമജപ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കുടിപതി സംഘം ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് ആയില്യാർക്കാവിലെ മരങ്ങൾ മുറിച്ചുമാറ്റിയത്. പരമ്പരാഗത ആചാരപ്രകാരം വർഷത്തിൽ രണ്ടു ദിവസം മാത്രമാണ് പൂജകൾക്കും അനുബന്ധ ക്രിയകൾക്കുമായി ആയില്യാർക്കാവിൽ ആളുകൾക്ക് പ്രവേശനമുള്ളത്. മറ്റു ദിവസങ്ങളിൽ കാവിനുള്ളിൽ പ്രവേശിക്കുന്നത് വിലക്കപ്പെട്ട കാര്യമാണ്. ജന്മശാന്തിക്കാണ് ഈ കാവിലെ പൂജാ കർമ്മങ്ങൾ ചെയ്യാനുള്ള അധികാരം.

എന്നാൽ ഭക്തജനങ്ങളുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ മുൻനിർത്തി ജില്ലാ കളക്ടറുടെ പൂർണ്ണ അനുമതിയോടെയാണ് മരങ്ങൾ മുറിച്ചുനീക്കിയതെന്നാണ് കൊട്ടിയൂർ ദേവസ്വത്തിന്റെ വിശദീകരണം. ഈ വർഷം തന്നെ രണ്ടുതവണ മരത്തിന്റെ വലിയ ശിഖരങ്ങൾ ഒടിഞ്ഞുവീണിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ രാത്രി 11 മണിക്കും, തുടർന്ന് വൈശാഖ മഹോത്സവ വേളയിൽ ജൂൺ 15-ന് ഭക്തർ സന്നിഹിതരായ സമയത്തുമാണ് മരത്തിന്റെ ഭാഗങ്ങൾ അടർന്നുവീണത്. വൻ അപകടസാധ്യത ഒഴിവാക്കാനാണ് അടിയന്തരമായി മരം വെട്ടിമാറ്റിയതെന്നും അധികൃതർ വ്യക്തമാക്കുന്നു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383941/ikkare-kottiyoor-ayilyarkavu-tree-cutting-controversy-protest-kurichya-samiti)