---
title: "മാസപ്പടി കേസ്: വി.ഡി. സതീശന്റെയും പിണറായിയുടെയും പേരുകൾ ഡയറിയിലുണ്ടെന്ന് ഷോൺ ജോർജ്"
english_title: "Masappadi Case: Shaun George Alleges VD Satheesan and Pinarayi Vijayan Named in Diary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384013/masappadi-case-shaun-george-alleges-vd-satheesan-and-pinarayi-vijayan-named-in-diary"
published_at: "2026-09-24T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4c6bca3a08_1000309440.jpg"
keywords: ["Masappadicase", "Shaun jeorge"]
---

# മാസപ്പടി കേസ്: വി.ഡി. സതീശന്റെയും പിണറായിയുടെയും പേരുകൾ ഡയറിയിലുണ്ടെന്ന് ഷോൺ ജോർജ്

> **Lead Summary:** **കൊച്ചി**: വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വ്യക്തമായി രേഖപ്പെടുത്തിയ ഡയറി പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

## Article Content

**കൊച്ചി**: വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വ്യക്തമായി രേഖപ്പെടുത്തിയ ഡയറി പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

സി.എം.ആർ.എൽ (CMRL) മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന കണക്കുകൾ അടങ്ങിയ പേജുകളാണ് ഷോൺ ജോർജ് പരസ്യപ്പെടുത്തിയത്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ പ്രമുഖ നേതാക്കളുടെ പേരുകൾ ഇതിൽ വ്യക്തമായി കുറിച്ചിട്ടുണ്ട്.

ഇടത് നേതാവ് പിണറായി വിജയന്റെ പേര് 'പി.വി' എന്ന ചുരുക്കപ്പേരിൽ മാത്രമല്ല, 'പിണറായി' എന്ന് പൂർണ്ണമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എസ്. അച്യുതാനന്ദൻ, കെ. മുരളീധരൻ, സി.കെ. ചന്ദ്രപ്പൻ, എളമരം കരീം, എം.വി. ഗോവിന്ദൻ മാസ്റ്റർ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ്മ, പി. രാജീവ്, ഷിബു ബേബി ജോൺ, കെ.ബി. ഗണേഷ് കുമാർ തുടങ്ങി ഭരണ-പ്രതിപക്ഷ ഭേദമന്യേ നിരവധിയായ പ്രമുഖ നേതാക്കളുടെ പേരുകൾ ഈ സാമ്പത്തിക ഇടപാട് വിവരങ്ങളിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തിലൂടെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ വിവേചനമില്ലാതെ അന്വേഷണം പ്രഖ്യാപിക്കാൻ തയ്യാറാകാത്തതിന്റെ കാരണം ഇതാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. ഇരു മുന്നണിയിലെയും ഉന്നത നേതാക്കളുടെ പേരുകൾ അടങ്ങിയ ഈ കണക്കുകൾ കേസിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384013/masappadi-case-shaun-george-alleges-vd-satheesan-and-pinarayi-vijayan-named-in-diary)