---
title: "സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി"
english_title: "Kerala Electricity Consumption Record Peak Time Restriction KSEB Government Order Solar Time"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384038/kerala-electricity-consumption-record-peak-restriction-kseb-government-order"
published_at: "2026-09-24T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4de444a67e_1000235813.jpg"
keywords: ["Kerala Electricity Consumption", "KSEB Peak Time Restriction", "Kerala Government Order", "Power Regulation"]
---

# സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിർദേശം. ഊർജ്ജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ പകൽ സമയത്താക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിർദേശം. ഊർജ്ജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ പകൽ സമയത്താക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കി.

വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങി കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി സോളാർ സമയങ്ങളിലേക്ക് മാറ്റണമെന്നും നിർദേശം.

സർക്കാർ ഓഫീസുകളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നിർദേശം നൽകി. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനവും ഒഴിവാക്കണമെന്നും നിർദ്ദേശം.

അതോറിറ്റിയുടെ പമ്പിംഗ് പ്രവർത്തനങ്ങൾ പകൽ സമയത്ത് മാത്രമേ നടത്താവൂ എന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇന്നലെ രാത്രി കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭിച്ചതിനാൽ വൈദ്യുതി നിയന്ത്രണം രാത്രി 9 മണിക്ക് ശേഷം ഉണ്ടായില്ല.

വേ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് ഇന്നു മുതൽ 200 മെഗാവാട്ട് വൈദ്യുതി കൂടി ലഭിച്ചു തുടങ്ങും. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ ആയിരിക്കും വൈദ്യുതി ലഭ്യമാകുക.

അടുത്ത മാസം 31 വരെ വൈദ്യുതി ലഭ്യമാകുന്ന രീതിയിലാണ് കരാർ. ഒരു യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. അന്തരീക്ഷ താപനില കുറഞ്ഞതും മഴ പെയ്തതും വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് വരുത്തി. അതേസമയം ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം എന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384038/kerala-electricity-consumption-record-peak-restriction-kseb-government-order)