---
title: "കടുവയും പുലിയും കാട്ടുപന്നിയും സാന്നിധ്യമറിയിക്കുന്ന നാരങ്ങാത്തട്ട്–ശാന്തിഗിരി പാത കാനനസമാനം; കാട് തെളിക്കാൻ നടപടിയില്ല"
english_title: "Narangathattu Shanthigiri Road Overgrown Forest Wildlife Tiger Leopard Kelakam Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384057/narangathattu-shanthigiri-road-forest-overgrown-wildlife-kelakam"
published_at: "2026-09-24T16:40:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab505a4c9cea_1000235906.jpg"
keywords: ["Narangathattu Shanthigiri Road", "Kelakam Panchayat", "Wildlife Presence Tiger Leopard", "Road Overgrown Forest"]
---

# കടുവയും പുലിയും കാട്ടുപന്നിയും സാന്നിധ്യമറിയിക്കുന്ന നാരങ്ങാത്തട്ട്–ശാന്തിഗിരി പാത കാനനസമാനം; കാട് തെളിക്കാൻ നടപടിയില്ല

> **Lead Summary:** **കേളകം: **വന്യജീവികളുടെ സാന്നിധ്യം പതിവായ നാരങ്ങാത്തട്ട്–ശാന്തിഗിരി റോഡിന്റെ ഇരുവശവും കാടുകയറി യാത്ര ദുഷ്കരമാകുന്നു. റോഡിന്റെ ഇരുവശത്തുനിന്നും കാടും വള്ളിപ്പടർപ്പുകളും റോഡിലേക്ക് വളർന്നിറങ്ങിയതോടെ ഇരുചക്രവാഹനങ്ങൾക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

## Article Content

**കേളകം: **വന്യജീവികളുടെ സാന്നിധ്യം പതിവായ നാരങ്ങാത്തട്ട്–ശാന്തിഗിരി റോഡിന്റെ ഇരുവശവും കാടുകയറി യാത്ര ദുഷ്കരമാകുന്നു. റോഡിന്റെ ഇരുവശത്തുനിന്നും കാടും വള്ളിപ്പടർപ്പുകളും റോഡിലേക്ക് വളർന്നിറങ്ങിയതോടെ ഇരുചക്രവാഹനങ്ങൾക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികൾ മലയിറങ്ങി എത്തുന്ന മേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. വന്യജീവികളുടെ സാന്നിധ്യം പതിവായ പാതയിൽ റോഡരികിലെ കാട് വളർന്നതോടെ യാത്രക്കാരുടെ ആശങ്കയും വർധിച്ചിരിക്കുകയാണ്.

കാഴ്ച മറയ്ക്കുന്ന തരത്തിൽ കാട് വളർന്നുനിൽക്കുന്നതിനാൽ വളവുകളിലും റോഡിന്റെ ഇടുങ്ങിയ ഭാഗങ്ങളിലും എതിർദിശയിൽ നിന്ന് എത്തുന്ന വാഹനങ്ങളെയും വന്യജീവികളെയും യഥാസമയം കാണാൻ കഴിയാത്ത സാഹചര്യമാണ്.

കേളകം പഞ്ചായത്തിലെ അഞ്ചു - ഏഴ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. നാരങ്ങാത്തട്ട്, ശാന്തിഗിരി മേഖലകളിലെ കുടിയേറ്റ കർഷകരടക്കം നിരവധി പേരാണ് ദിവസേന ഈ പാതയെ ആശ്രയിക്കുന്നത്.

വിദ്യാർഥികളും തൊഴിലാളികളും കർഷകരും ഉൾപ്പെടെ നിരവധി യാത്രക്കാർ ഇരുചക്രവാഹനങ്ങളിലാണ് ഇതുവഴി സഞ്ചരിക്കുന്നത്.

പാതയുടെ ഇരുവശത്തെയും കാട് റോഡിലേക്ക് ഇറങ്ങിയതോടെ വാഹനങ്ങൾ തമ്മിൽ കടന്നുപോകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. രാത്രികാല യാത്രയിലാണ് സ്ഥിതി കൂടുതൽ ഭീഷണിയാകുന്നത്. റോഡരികിലെ കാടിനുള്ളിൽ നിന്ന് വന്യജീവികൾ പെട്ടെന്ന് റോഡിലേക്ക് എത്താനുള്ള സാധ്യതയും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയിൽ റോഡരികിലെ കാട് വെട്ടിത്തെളിക്കുന്നത് യാത്രാസൗകര്യത്തിനൊപ്പം സുരക്ഷയ്ക്കും അനിവാര്യമാണെന്നാണ് നാട്ടുകാരുടെ നിലപാട്. റോഡിന്റെ ഇരുവശവും വെട്ടിത്തെളിച്ച് കാഴ്ചപരിധി ഉറപ്പാക്കുകയും അപകടസാധ്യതയുള്ള ഭാഗങ്ങളിൽ അടിയന്തരമായി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.

> “വന്യജീവികൾ മലയിറങ്ങി എത്തുന്ന പാതയിൽ മനുഷ്യർ ഭയന്ന് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. റോഡരികിലെ കാടെങ്കിലും അധികൃതർ ഒന്ന് തെളിച്ചുതരണമെന്നാണ് യാത്രക്കാരായ കുടിയേറ്റ കർഷകരുടെ അഭ്യർഥന.”

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384057/narangathattu-shanthigiri-road-forest-overgrown-wildlife-kelakam)