---
title: "മാനന്തവാടി–മട്ടന്നൂർ നാലുവരിപ്പാത നിർമ്മാണം വേഗത്തിലാക്കണം; പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി"
english_title: "Peravoor Block Panchayat Passes Resolution to Speed Up Mananthavady-Mattannur 4-Lane Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384167/mananthavady-mattannur-four-lane-road"
published_at: "2026-09-25T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab651d2350b4_peravoor_block.jpg"
keywords: ["Peravoor Block Panchayat", "Mananthavady Mattannur Highway", "Kannur Airport Road", "Wayanad Connectivity"]
---

# മാനന്തവാടി–മട്ടന്നൂർ നാലുവരിപ്പാത നിർമ്മാണം വേഗത്തിലാക്കണം; പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി

> **Lead Summary:** മാനന്തവാടി–കൊട്ടിയൂർ–പേരാവൂർ–മട്ടന്നൂർ–കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കണക്റ്റിവിറ്റി നാലുവരിപ്പാതയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും സ്ഥലം വിട്ടുനൽകുന്നവർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. പ്രസിഡന്റ് ഇന്ദിര ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് ബൈജു വർഗീസാണ് പ്രമേയം അവതരിപ്പിച്ചത്.

## Article Content

മാനന്തവാടി–കൊട്ടിയൂർ–പേരാവൂർ–മട്ടന്നൂർ–കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കണക്റ്റിവിറ്റി നാലുവരിപ്പാതയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും സ്ഥലം വിട്ടുനൽകുന്നവർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. പ്രസിഡന്റ് ഇന്ദിര ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് ബൈജു വർഗീസാണ് പ്രമേയം അവതരിപ്പിച്ചത്.

വയനാട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലയുടെ ഗതാഗത, സാമ്പത്തിക, കാർഷിക, വിനോദസഞ്ചാര വികസനത്തിന് ഈ പാത നിർണായകമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്ന കുടുംബങ്ങൾക്ക് ന്യായവും മാന്യവുമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും ഉറപ്പാക്കണം. വീടുകളുടെയും കെട്ടിടങ്ങളുടെയും പഴക്കം മാത്രം കണക്കാക്കി നഷ്ടപരിഹാരത്തുക കുറയ്ക്കുന്ന രീതി ഒഴിവാക്കി, നിലവിലെ നിർമ്മാണച്ചെലവും പുനർനിർമ്മാണച്ചെലവും കണക്കിലെടുത്ത് പരമാവധി തുക അനുവദിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കൽ, സാമൂഹിക ആഘാത പഠനം, ടെൻഡർ തുടങ്ങിയ അവശേഷിക്കുന്ന മുഴുവൻ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കാൻ പ്രത്യേക ജനസമ്പർക്ക-പരാതിപരിഹാര സംവിധാനം ഏർപ്പെടുത്തണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. പ്രമേയത്തിന്റെ പകർപ്പ് മുഖ്യമന്ത്രി, പൊതുമരാമത്ത്, റവന്യൂ മന്ത്രിമാർ, കേന്ദ്ര മന്ത്രാലയങ്ങൾ, ജില്ലാ ഭരണകൂടം എന്നിവർക്ക് അയച്ചുനൽകും.

യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജെയ്ഷ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണി പാമ്പാടി, ജിജി ജോയ് എന്നിവർ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. തുടർന്ന് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384167/mananthavady-mattannur-four-lane-road)