---
title: "ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ 3 ദിവസം പണിമുടക്ക്"
english_title: "Banks Open Today Sunday 3 Day Strike From Tomorrow Free ATM Transactions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384371/banks-open-today-sunday-3-day-strike-from-tomorrow-free-atm-transactions"
published_at: "2026-09-27T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab89ececa307_1000314694.jpg"
keywords: ["Bank", "Open today"]
---

# ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ 3 ദിവസം പണിമുടക്ക്

> **Lead Summary:** **ദില്ലി**: നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ രാജ്യത്ത് ഇന്ന് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

## Article Content

**ദില്ലി**: നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ രാജ്യത്ത് ഇന്ന് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയത്. എല്ലാ പൊതുമേഖല ബാങ്കുകളും ഗ്രാമീണ ബാങ്കുകളും അനുബന്ധ സേവനങ്ങളും ഇന്ന് ലഭ്യമാകും.

പണിമുടക്ക് ദിവസങ്ങളിൽ എടിഎം ഉപയോഗിക്കാൻ ചാർജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി എടിഎം ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും പ്രശ്നമില്ല. ഓൺലൈൻ ഇടപാടുകൾ തടസമില്ലാതെ നടക്കും. വായ്പ തവണകൾ കൃത്യമായി ഓൺലൈനായി അടയ്ക്കണം.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നേരത്തെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഈ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ഒക്ടോബർ 2 ഗാന്ധി ജയന്തി അവധി ആയതിനാൽ ഈ ആഴ്ച ബാങ്കുകൾ രണ്ടു ദിവസം മാത്രമേ പ്രവർത്തിക്കൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384371/banks-open-today-sunday-3-day-strike-from-tomorrow-free-atm-transactions)