---
title: "കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ എംഎൽഎ ഫണ്ട് ഉപയോഗിക്കാം; പ്രത്യേകാനുമതി നൽകി സർക്കാർ"
english_title: "KSRTC New Buses Can Be Purchased Using MLA Fund Government Special Permission 3 Buses Per Constituency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384400/ksrtc-new-buses-mla-fund-special-permission-government-three-buses-constituency"
published_at: "2026-09-27T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8d37540b0e_1000236433.jpg"
keywords: ["KSRTC New Buses MLA Fund", "Kerala Government Order", "Local Asset Development Fund", "KSRTC Sponsorship Scheme"]
---

# കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ എംഎൽഎ ഫണ്ട് ഉപയോഗിക്കാം; പ്രത്യേകാനുമതി നൽകി സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാനായി എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ പ്രത്യേകാനുമതി നൽകി സർക്കാർ. എംഎൽഎമാരുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നാകും ബസ് വാങ്ങാനുള്ള തുക ചെലവഴിക്കുക.

## Article Content

**തിരുവനന്തപുരം: **കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാനായി എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ പ്രത്യേകാനുമതി നൽകി സർക്കാർ. എംഎൽഎമാരുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നാകും ബസ് വാങ്ങാനുള്ള തുക ചെലവഴിക്കുക.

ഒരു നിയമസഭാ മണ്ഡലത്തിൽ നിന്ന് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാനാണ് പുതിയ ഉത്തരവിൽ അനുമതി നൽകിയിരിക്കുന്നത്.

എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ അതത് മണ്ഡലങ്ങളിലെ യാത്രാവശ്യങ്ങൾക്കായിരിക്കും മുൻഗണന നൽകുക. വാങ്ങേണ്ട ബസുകളുടെ ഇരിപ്പിട ശേഷി, മോഡൽ, ഇന്ധനം എന്നിവ സിഎംഡിയുമായി ആലോചിച്ച ശേഷമായിരിക്കും കെഎസ്ആർടിസി തീരുമാനിക്കുക.

വാങ്ങുന്ന ബസിന്റെ നികുതിയും രജിസ്ട്രേഷനും ഉൾപ്പെടെയുള്ള പൂർണ്ണ ചെലവ് വിവരങ്ങൾ സെപ്റ്റംബർ 30ന് മുൻപായി കെഎസ്ആർടിസി എംഎൽഎമാർക്ക് നൽകണം. തുടർന്ന് ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ജനപ്രതിനിധികളുടെ നിർദേശം ഒക്ടോബർ 15ന് മുൻപായി അതത് ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

2026-27 സാമ്പത്തിക വർഷത്തിൽ എംഎൽഎമാർക്ക് അനുവദിക്കുന്ന തുകയിൽ നിന്നുമായിരിക്കും ബസ് വാങ്ങാനുള്ള ഫണ്ട് നൽകേണ്ടിവരുക. ആദ്യ ഘട്ടത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ അതത് മണ്ഡലങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായിരിക്കും ഉപയോഗിക്കുക.

പിന്നീട് കോർപ്പറേഷന്റെ ആവശ്യപ്രകാരം ബസുകൾ റൂട്ട് മാറ്റി ഓടിക്കാനുള്ള അധികാരവും കെഎസ്ആർടിസിക്ക് നൽകിയിട്ടുണ്ട്. ബസുകളുടെ ജീവനക്കാർ, ഇന്ധനം, പരിപാലനം തുടങ്ങിയവ കെഎസ്ആർടിസി തന്നെ വഹിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഏതെങ്കിലും വ്യക്തികൾക്കോ കൂട്ടായ്മകൾക്കോ സംഘടനകൾക്കോ സർക്കാരിന് ബസുകൾ വാങ്ങി നൽകാമെന്ന് സർക്കാർ അധികാരമേറ്റ സമയത്ത് അറിയിച്ചിരുന്നു. സർക്കാർ ചെലവിൽ പിന്നീട് അവർ കൂടി ആഗ്രഹിക്കുന്ന റൂട്ടിൽ സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി സി പി ജോൺ നേരത്തെ പറഞ്ഞിരുന്നു.

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകൾ സ്പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് പുറമെ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും ബസുകൾ നൽകാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384400/ksrtc-new-buses-mla-fund-special-permission-government-three-buses-constituency)