---
title: "ആറളം ഫാമിലെ ആറാം ബ്ലോക്കിലെ മോഴയാനയെ പിടികൂടാൻ നടപടി തുടങ്ങി: മന്ത്രി ഷിബു ബേബി ജോൺ"
english_title: "Mozha Elephant Capture Aralam Farm Sixth Block Minister Shibu Baby John Kumki Elephants"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384521/mozha-elephant-capture-aralam-farm-sixth-block-minister-shibu-baby-john-kumki-elephants"
published_at: "2026-09-28T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba1b5a11afc_1000316586.jpg"
keywords: ["Aralam Farm", "Shibu Baby John", "Wild Elephant", "Kumki Elephant", "Kannur"]
---

# ആറളം ഫാമിലെ ആറാം ബ്ലോക്കിലെ മോഴയാനയെ പിടികൂടാൻ നടപടി തുടങ്ങി: മന്ത്രി ഷിബു ബേബി ജോൺ

> **Lead Summary:** **കണ്ണൂർ**: ആറളം ഫാമിലെ ആറാം ബ്ലോക്കിൽ നാശം വിതയ്ക്കുന്ന മോഴയാനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വനം മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**കണ്ണൂർ**: ആറളം ഫാമിലെ ആറാം ബ്ലോക്കിൽ നാശം വിതയ്ക്കുന്ന മോഴയാനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വനം മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആറളം മേഖലയിലെ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ കുങ്കിയാനകളെ ആറളത്ത് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഒരുക്കങ്ങളാണ് വനം വകുപ്പ് നടത്തുന്നത്.

ആറളം ഫാമിലെ കർഷകരും തൊഴിലാളികളും ഏറെ ഭീതിയിലാണ് കഴിയുന്നത്. ആനകളെ പ്രതിരോധിക്കുന്നതിന് ആനമതിൽ ഒരു ശാശ്വത പരിഹാരമല്ല എന്നതാണ് സർക്കാരിന് ലഭിച്ച റിപ്പോർട്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആനമതിൽ നിർമ്മാണം പൂർത്തിയായാൽ പോലും ആനകൾ മറ്റ് പ്രദേശങ്ങളിലേക്ക് ഇറങ്ങാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ശാസ്ത്രീയമായ മാർഗങ്ങൾ തേടേണ്ടതുണ്ട്.

ആനകളെ ആകർഷിക്കാത്ത തരത്തിലുള്ള നൂതന കൃഷി സമ്പ്രദായം നടപ്പാക്കുന്നത് സർക്കാർ പരിഗണിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ആറളത്ത് ഇന്ന് ഉന്നതതല യോഗം നടക്കും.

മന്ത്രിമാരായ സണ്ണി ജോസഫ്, കെ.എ. തുളസി എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384521/mozha-elephant-capture-aralam-farm-sixth-block-minister-shibu-baby-john-kumki-elephants)