---
title: "വാട്സ്ആപ്പിൽ സന്ദേശം അയച്ച് പണം തട്ടൽ; മുന്നറിയിപ്പുമായി പൊലീസ്"
english_title: "WhatsApp Money Fraud police Warning Fake Account Scam Alert Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384822/whatsapp-money-fraud-police-warning-fake-account-scam-alert-kerala"
published_at: "2026-09-30T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abca2139e3eb_1000320036.png"
keywords: ["WhatsApp Fraud", "Cyber Crime", "Police Warning", "Kerala"]
---

# വാട്സ്ആപ്പിൽ സന്ദേശം അയച്ച് പണം തട്ടൽ; മുന്നറിയിപ്പുമായി പൊലീസ്

> **Lead Summary:** വാട്സാപ്പിൽ സന്ദേശം അയച്ച് പണം തട്ടുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമുള്ളവരുടെ പേരും പ്രൊഫൈൽ ഫോട്ടോയും ദുരുപയോഗം ചെയ്ത് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിച്ച് അടിയന്തരമായി പണം ആവശ്യപ്പെടുന്ന സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പിൽ പറഞ്ഞു.

## Article Content

വാട്സാപ്പിൽ സന്ദേശം അയച്ച് പണം തട്ടുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമുള്ളവരുടെ പേരും പ്രൊഫൈൽ ഫോട്ടോയും ദുരുപയോഗം ചെയ്ത് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിച്ച് അടിയന്തരമായി പണം ആവശ്യപ്പെടുന്ന സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പിൽ പറഞ്ഞു.

തട്ടിപ്പുകാർ പരിചയമുള്ളവരുടെ പ്രൊഫൈൽ ഫോട്ടോയും പേരും മോഷ്ടിച്ച് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി അടിയന്തര ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടുന്ന രീതി വർധിച്ചു വരികയാണ്. പലപ്പോഴും ആശുപത്രി ആവശ്യങ്ങൾക്കാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ പണം ചോദിക്കുന്നത്.

പ്രൊഫൈൽ ഫോട്ടോ മാത്രം കണ്ട് പരിചയക്കാരാണ് പണം ആവശ്യപ്പെടുന്നതെന്ന് ഉറപ്പിക്കരുത്. പണം അയയ്ക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിയെ നേരിട്ട് ഫോണിൽ വിളിച്ചോ വീഡിയോ കോൾ ചെയ്തോ വിവരം ഉറപ്പാക്കണം.

പെട്ടെന്നുള്ള ആശുപത്രി അല്ലെങ്കിൽ അടിയന്തര പണ ആവശ്യങ്ങളെ എപ്പോഴും സംശയത്തോടെ കാണണം. പേരും ഫോട്ടോയും ശരിയാണെങ്കിലും സന്ദേശം അയച്ചിരിക്കുന്നത് പുതിയതോ അപരിചിതമായതോ ആയ നമ്പറാണോ എന്നും പരിശോധിക്കണം. ആവശ്യമെങ്കിൽ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടും വിവരം സ്ഥിരീകരിക്കണം.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in ലോ വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384822/whatsapp-money-fraud-police-warning-fake-account-scam-alert-kerala)