---
title: "ഓപ്പറേഷൻ തൂഫാൻ; 13 വർഷമായി ഒളിവിൽ കഴിഞ്ഞ ലഹരിക്കടത്ത് കേസ് പ്രതി ആന്ധ്രയിൽ പിടിയിൽ"
english_title: "Operation Toofan kannur City Police Arrest Drug Case Accused After 13 Years Andhra Pradesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384851/operation-toofan-kannur-city-police-arrest-drug-case-accused-after-13-years-andhra-pradesh"
published_at: "2026-09-30T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcbf53c2211_1000320302.jpg"
keywords: ["Operation Toofan", "Kannur City Police", "Drug Case", "Andhra Pradesh"]
---

# ഓപ്പറേഷൻ തൂഫാൻ; 13 വർഷമായി ഒളിവിൽ കഴിഞ്ഞ ലഹരിക്കടത്ത് കേസ് പ്രതി ആന്ധ്രയിൽ പിടിയിൽ

> **Lead Summary:** **കണ്ണൂർ**: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ 13 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കടത്ത് കേസ് പ്രതി പിടിയിൽ. ഇരിട്ടി മട്ടിണി സ്വദേശി കിഴക്കുമ്പുറം കെ.ടി. ജോസ് ആണ് പിടിയിലായത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ആന്ധ്രാപ്രദേശിൽ നിന്ന് പ്രതിയെ പിടികൂടിയത്.

## Article Content

**കണ്ണൂർ**: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ 13 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കടത്ത് കേസ് പ്രതി പിടിയിൽ. ഇരിട്ടി മട്ടിണി സ്വദേശി കിഴക്കുമ്പുറം കെ.ടി. ജോസ് ആണ് പിടിയിലായത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ആന്ധ്രാപ്രദേശിൽ നിന്ന് പ്രതിയെ പിടികൂടിയത്.

> ആന്ധ്രാപ്രദേശിൽ “കൊറ ജോഷ് ബാബു” എന്ന പേരിൽ ആന്ധ്ര സ്വദേശിയായി കഴിഞ്ഞുവരികയായിരുന്നു ഇയാൾ. കേരളത്തിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ കടത്തിയിരുന്നവരെ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് കെ.ടി. ജോസിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. കണ്ണൂർ ടൗൺ, തലശ്ശേരി, ഇരിട്ടി, ഉളിക്കൽ, പാലക്കാട് ടൗൺ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത് കേസുകളിൽ ഇയാൾ പ്രതിയാണ്.

2012-ൽ ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മട്ടിണിയിലുള്ള ജോസ് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഐപിഎസിന്റെ മേൽനോട്ടത്തിലും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുമായിരുന്നു അന്വേഷണം. പ്രത്യേക സംഘം ഇരിട്ടി മട്ടിണിയിൽ നടത്തിയ അന്വേഷണത്തിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ജോസ് പിന്നീട് നാട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും മാതാവിന്റെയും സഹോദരന്റെയും മരണസമയത്ത് പോലും നാട്ടിലെത്തിയിട്ടില്ലെന്നും കണ്ടെത്തി. ഇതോടെ ഇയാൾ മരണപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള വിവരങ്ങളും ലഭിച്ചിരുന്നു.

തുടർന്ന് 2012-ന് മുമ്പ് ജോസ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളെക്കുറിച്ചും സുഹൃത്തുക്കൾ, പരിചയക്കാർ തുടങ്ങിയവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി. ശാസ്ത്രീയ അന്വേഷണത്തിലൂടെ ഇയാൾ വയനാട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ വിവിധ കാലയളവുകളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി കണ്ടെത്തി.

> മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സംഘം ആന്ധ്രാപ്രദേശിൽ എത്തിയത്. ആന്ധ്രാ-ഒഡീഷ അതിർത്തിയിലെ ഒരു ഗ്രാമത്തിൽ ചിക്കൻ ഫാം നടത്തി താമസിക്കുന്ന ഒരാളെക്കുറിച്ചുള്ള വിവരമാണ് നിർണായകമായത്. “കൊറ ജോഷ് ബാബു” എന്ന പേരിൽ കഴിഞ്ഞുവന്നയാൾ യഥാർത്ഥത്തിൽ കെ.ടി. ജോസ് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

> ഒളിവിൽ പോയതിന് ശേഷം ഒരിക്കൽ പോലും നാട്ടിലേക്ക് മടങ്ങിവരാതിരുന്ന ഇയാൾ പിടിക്കപ്പെടാതിരിക്കാൻ പേരും വിലാസവും മാറ്റി പുതിയ വ്യക്തിത്വത്തിൽ വർഷങ്ങളായി അവിടെ താമസിച്ചുവരികയായിരുന്നു. ദിവസങ്ങളോളം രഹസ്യമായി നിരീക്ഷണം നടത്തിയ ശേഷം ഇയാൾ താമസിച്ചിരുന്ന വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ “കൊറ ജോഷ് ബാബു” എന്ന പേരിൽ കഴിഞ്ഞുവന്നത് താൻ തന്നെയാണെന്ന് ഇയാൾ സമ്മതിച്ചു.

നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജ്, കണ്ണൂർ എസിപി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384851/operation-toofan-kannur-city-police-arrest-drug-case-accused-after-13-years-andhra-pradesh)