---
title: "ആറളം നിവാസികൾ പാലത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 8 വർഷം; അവശേഷിക്കുന്നത് കേടുപാടേറ്റ തൂണുകൾ മാത്രം"
english_title: "Aaralam Ambalakandi To Aaralam Farm Bridge Construction Stalled 8 Years Damaged Pillars Residents Demand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385004/aaralam-ambalakandi-aaralam-farm-bridge-8-years-stalled-damaged-pillars"
published_at: "2026-10-01T14:27:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe20ce40ef1_1000237244.jpg"
keywords: ["Ambalakandi Aaralam Farm Bridge", "Flood Damaged Pillars", "District Panchayat New Bridge Estimate"]
---

# ആറളം നിവാസികൾ പാലത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 8 വർഷം; അവശേഷിക്കുന്നത് കേടുപാടേറ്റ തൂണുകൾ മാത്രം

> **Lead Summary:** **ആറളം : ** ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിൽ നിന്ന് ആറളം ഫാമിലേക്കുള്ള പാലം നിർമ്മാണം എട്ടുവർഷമായി അനിശ്ചിതത്വത്തിൽ. 2018ൽ നിർമ്മാണം ആരംഭിച്ച കോൺക്രീറ്റ് പാലത്തിന്റെ തൂണുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് നിർമ്മാണം നിലച്ചതോടെ പാലം പ്രദേശവാസികൾക്ക് ഇന്നും സ്വപ്നമായി തുടരുകയാണ്. അമ്പലക്കണ്ടിയെയും ആറളം ഫാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പാലം പ്രദേശത്തിന്റെ ഗതാഗത സൗകര്യത്തിന് ഏറെ നിർണായകമാണ്.

## Article Content

**ആറളം : ** ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിൽ നിന്ന് ആറളം ഫാമിലേക്കുള്ള പാലം നിർമ്മാണം എട്ടുവർഷമായി അനിശ്ചിതത്വത്തിൽ. 2018ൽ നിർമ്മാണം ആരംഭിച്ച കോൺക്രീറ്റ് പാലത്തിന്റെ തൂണുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് നിർമ്മാണം നിലച്ചതോടെ പാലം പ്രദേശവാസികൾക്ക് ഇന്നും സ്വപ്നമായി തുടരുകയാണ്. അമ്പലക്കണ്ടിയെയും ആറളം ഫാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പാലം പ്രദേശത്തിന്റെ ഗതാഗത സൗകര്യത്തിന് ഏറെ നിർണായകമാണ്.

തൂണുകളുടെ നിർമ്മാണം പൂർത്തിയായതിന് പിന്നാലെയുണ്ടായ പ്രളയത്തിലാണ് ഇവയ്ക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചത്. തൂണുകൾക്ക് ബലക്ഷയം സംഭവിച്ചതോടെ തുടർനിർമ്മാണം നടത്താനാകാതെ പദ്ധതി മുടങ്ങുകയായിരുന്നു. കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം നിലച്ചതോടെ പ്രദേശവാസികൾക്ക് താൽക്കാലികമായി മരത്തടികൾ ഉപയോഗിച്ച് ഒരുക്കിയ നടപ്പാലമായിരുന്നു ആശ്രയം.

ചെരിഞ്ഞുനിൽക്കുന്ന പാലത്തൂണുകൾക്ക് മുകളിലൂടെയായിരുന്നു താൽക്കാലിക നടപ്പാത ഒരുക്കിയിരുന്നത്. അപകടസാധ്യത ഏറെയുണ്ടായിരുന്നെങ്കിലും ആറളം ഫാമിലേക്കും തിരിച്ചും പോകാൻ മറ്റൊരു മാർഗമില്ലാത്തതിനാൽ നാട്ടുകാർ ഇതുവഴി യാത്ര തുടരുകയായിരുന്നു. എന്നാൽ കാലപ്പഴക്കവും മലവെള്ളപ്പാച്ചിലും മൂലം താൽക്കാലിക നടപ്പാലവും ഇപ്പോൾ തകർന്ന നിലയിലാണ്. ഇതോടെ കാൽനട യാത്ര പോലും ദുഷ്കരമായി. അടിയന്തര ആവശ്യങ്ങൾക്കായി പാലത്തെ ആശ്രയിച്ചിരുന്ന പ്രദേശവാസികൾ ഏറെ ദുരിതത്തിലായിരിക്കുകയാണ്.

2018ന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന തൂക്കുപാലം പൊളിച്ചുമാറ്റിയാണ് കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പുതിയ പാലം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ നിർമ്മാണം ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി പൂർത്തിയാകാത്തത് പ്രദേശവാസികളിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

അമ്പലക്കണ്ടി, ചെടിക്കുളം, ആറളം, വീർപ്പാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് പാലം പൂർത്തിയായാൽ പേരാവൂർ, കൊട്ടിയൂർ, മാനന്തവാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. നിലവിലെ യാത്രാദൂരം കുറയ്ക്കുന്നതിനും പ്രദേശത്തെ ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനും പാലം സഹായകമാകും.

പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച നിലവിലെ തൂണുകൾക്ക് മുകളിൽ പുതിയ പാലം നിർമ്മിക്കുന്നത് സാങ്കേതികമായി സാധ്യമല്ലെന്നാണ് ജില്ലാ പഞ്ചായത്തിന്റെ നിലപാട്. മലവെള്ളപ്പാച്ചിലിനെ അതിജീവിക്കുന്ന തരത്തിൽ ഉയരം കൂടിയ പുതിയ പാലം നിർമ്മിക്കണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

എന്നാൽ പുതിയ പാലം നിർമ്മിക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ആവശ്യമായ ഫണ്ട് നിലവിൽ ലഭ്യമല്ലാത്തതിനാൽ പദ്ധതി പുനരാരംഭിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന പാലം നിർമ്മാണത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നിലവിലെ തൂണുകൾ സുരക്ഷിതമാണോ എന്നത് പരിശോധിച്ച് ആവശ്യമായ സാങ്കേതിക പഠനം നടത്തുകയും പുതിയ പാലത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം യാഥാർഥ്യമായാൽ മലയോര മേഖലയിലെ നിരവധി പ്രദേശങ്ങളുടെ യാത്രാസൗകര്യത്തിനും ഇത് വലിയ ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385004/aaralam-ambalakandi-aaralam-farm-bridge-8-years-stalled-damaged-pillars)