---
title: "'ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട, വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ട'; ആർ.എസ്.എസിനും പോലീസിനുമെതിരെ കടുപ്പിച്ച് കെ.കെ. രാഗേഷ്"
english_title: "CPM Kannur District Secretary KK Ragesh Strongly Criticizes RSS and Police at Vengad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385319/kk-ragesh-criticizes-rss-and-police-at-vengad-kannur"
published_at: "2026-10-03T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0a7542475d_1000325703.jpg"
keywords: ["KK Ragesh", "CPM Kannur", "RSS Criticism", "Kerala Police", "Kannur Politics"]
---

# 'ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട, വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ട'; ആർ.എസ്.എസിനും പോലീസിനുമെതിരെ കടുപ്പിച്ച് കെ.കെ. രാഗേഷ്

> **Lead Summary:** **കണ്ണൂർ: **ആർ.എസ്.എസിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ആർ.എസ്.എസ്. ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ടെന്നും, കള്ള് കുടിക്കുന്നവരുടെയും കഞ്ചാവ് അടിക്കുന്നവരുടെയും ഇടമല്ല ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വേങ്ങാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.കെ. രാഗേഷ്.

## Article Content

**കണ്ണൂർ: **ആർ.എസ്.എസിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ആർ.എസ്.എസ്. ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ടെന്നും, കള്ള് കുടിക്കുന്നവരുടെയും കഞ്ചാവ് അടിക്കുന്നവരുടെയും ഇടമല്ല ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വേങ്ങാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.കെ. രാഗേഷ്.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് പോകുന്ന കുട്ടികൾ പിന്നീട് ശാഖയിൽ പോകാൻ തുടങ്ങുകയും അവരുടെ സ്വഭാവം മാറുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു. അത്തരം കുട്ടികൾക്ക് ചുവന്ന കൊടി നശിപ്പിക്കാൻ തോന്നുമെന്നും, കൃഷ്ണനാകാൻ പോകുന്നവരെ ആർ.എസ്.എസ്. കംസനാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ്. വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ടതില്ലെന്നും രാഗേഷ് മുന്നറിയിപ്പ് നൽകി. പ്രസംഗത്തിൽ പോലീസിന്റെ നിലപാടിനെയും സി.പി.എം. ജില്ലാ സെക്രട്ടറി ശക്തമായി വിമർശിച്ചു. പോലീസ് ആർ.എസ്.എസിന് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച അദ്ദേഹം, ആയുധവുമായി സംഘടിക്കുന്ന ആർ.എസ്.എസുകാരെ പോലീസ് നീക്കം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി.

പകരം സി.പി.എമ്മിന്റെ പ്രതിഷേധങ്ങൾക്ക് മൈക്ക് പെർമിഷൻ നിഷേധിക്കുകയാണ് ചെയ്യുന്നത്. ലാത്തിയും തോക്കും വലിച്ചെറിഞ്ഞ് പോലീസ് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലതെന്നും പോലീസ് പോലീസിന്റെ പണിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളെ ആക്രമിക്കാൻ വന്നാൽ ആർ.എസ്.എസിനോട് 'പാൽ കുടിച്ചിട്ട് പൊയ്ക്കോ' എന്ന് പറയുന്ന നിലപാടല്ല സി.പി.എമ്മിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385319/kk-ragesh-criticizes-rss-and-police-at-vengad-kannur)