---
title: "സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ"
english_title: "Fly Dubai Pilot Attack Terror Attempt Confirmed UAE Captain Smith Machhar Co Pilot Hamam Al Hamami Investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385339/fly-dubai-pilot-attack-terror-attempt-confirmed-uae-smith-machhar-hamam-al-hamami"
published_at: "2026-10-03T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0bc5f5d346_1000237632.jpg"
keywords: ["Fly Dubai Pilot Attack Terror Attempt Confirmed UAE", "Captain Smith Machhar Crash Axe Cockpit Control Attempt"]
---

# സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ

> **Lead Summary:** **ദുബായ്: **ഫ്‌ളൈ ദുബായ് വിമാനത്തിൽ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ. ക്രാഷ് ആക്സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമം നടത്തി. സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ശംസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

## Article Content

**ദുബായ്: **ഫ്‌ളൈ ദുബായ് വിമാനത്തിൽ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ. ക്രാഷ് ആക്സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമം നടത്തി. സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ശംസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം, ഒമാൻ സ്വദേശിയായ ഹമാം അൽ ഹമാമിയാണ് പ്രതിയെന്നാണ് അന്വേഷണ കേന്ദ്രങ്ങൾ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്. യുഎഇയിൽ ജനിച്ച ഇയാളുടെ പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയൻ സ്വദേശിയുമാണ്. യുഎഇയിൽ വർഷങ്ങളോളം ജീവിച്ചിട്ടുള്ള ഹമാം അൽ-ഹമാമി യുകെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുണ്ട്.

ഒമാൻ എയറിൽ ഏഴ് വർഷത്തോളം ജോലി ചെയ്ത ഇയാളെ, ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് പൈലറ്റ് പരിശീലനത്തിൽ നിന്ന് മാറ്റുകയും മറ്റ് ചുമതലകൾ നൽകുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇയാൾ ഒമാൻ എയർ വിട്ടത്. തുടർന്ന് റോയൽ എയർ മാറോക്കിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷം, എട്ട് മാസം മുമ്പാണ് ഫ്‌ളൈ ദുബായിൽ ചേർന്നത്.

ആക്രമണം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം പ്രതിയുടെ ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ രണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഈ അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് വിവരം. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ആദ്യ വീഡിയോ പോസ്റ്റ്.

ഇതിൽ ഇസ്രായേലി എയർലൈനുകളായ 'എൽ അൽ', 'അർകിയ' എന്നിവയുടെ വിമാനങ്ങൾ കാണിക്കുന്നുണ്ട്. അൽ ഖ്വയ്ദ മുൻ തലവൻ അയ്മൻ അൽ സവാഹിരി, 2009-ൽ സിഐഎ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവി എന്നിവരുടെ ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. രണ്ടാമത്തെ പോസ്റ്റിൽ മക്ക, മദീന, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എഐ ചിത്രവും മരണത്തെ ഭയപ്പെടുന്നില്ലെന്ന വരികളുള്ള പശ്ചാത്തല കവിതയുമായിരുന്നു.

കൂടാതെ, ഇയാളുടെ പഴയ എക്സ് സമൂഹമാധ്യമ അക്കൗണ്ട് വിശകലനം ചെയ്തതിൽ നിന്ന് തീവ്ര മതചിന്താഗതിക്കാരനും സ്ത്രീവിരുദ്ധ നിലപാടുകളുള്ളയാളുമായിരുന്നു ഇയാളെന്ന് വ്യക്തമായിട്ടുണ്ട്.

ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിലെ ഒരു പൗരന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ പൈലറ്റാകാൻ എങ്ങനെ അനുമതി ലഭിച്ചു എന്നതിൽ അവ്യക്തതയുണ്ട്. വിമാനം യുഎഇയിൽ രജിസ്റ്റർ ചെയ്തതായതിനാൽ, സംഭവം ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നും മുൻകൂട്ടി പ്ലാൻ ചെയ്തതാണോ എന്നും പരിശോധിക്കാൻ യുഎഇ അറ്റോർണി ജനറൽ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു.

സൗദി അറേബ്യയിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഷിൻ ബെറ്റ്, മൊസാദ് തുടങ്ങിയ ഇസ്രായേലി സുരക്ഷാ ഏജൻസികളും ഈ അന്വേഷണത്തിൽ പങ്കാളികളാകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385339/fly-dubai-pilot-attack-terror-attempt-confirmed-uae-smith-machhar-hamam-al-hamami)