---
title: "രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ഇല്ലാത്ത അവസ്ഥ, ആരോഗ്യ മന്ത്രിയുടെ വായാടിത്തത്തിന് ഒരു കുറവുമില്ലെന്ന് എം വി ജയരാജൻ"
english_title: "Patients No Cotton For Stitching Health Minister Talks No Less MV Jayarajan Kannur Sports Meet Accident No One To Take Children To Hospital Gokul Exalogic Bineesh Kodiyeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385488/patients-no-cotton-stitching-health-minister-talks-mv-jayarajan-kannur-gokul"
published_at: "2026-10-04T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac227a57c862_1000237800.jpg"
keywords: ["MV Jayarajan Patients No Cotton Stitching Health Minister Talks", "SFI District Secretary SI Threat Gokul Cantonment Station Congress BJP No Case CPM Only"]
---

# രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ഇല്ലാത്ത അവസ്ഥ, ആരോഗ്യ മന്ത്രിയുടെ വായാടിത്തത്തിന് ഒരു കുറവുമില്ലെന്ന് എം വി ജയരാജൻ

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ഇല്ലാത്ത അവസ്ഥയാണെന്നും എന്നിട്ടും മന്ത്രിയുടെ വായാടിത്തത്തിന് ഒരു കുറവുമില്ലെന്നും എം വി ജയരാജൻ. കായിക മേളയ്ക്കിടെ അപകടം ഉണ്ടായപ്പോൾ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആളില്ലാത്ത സാഹചര്യമുണ്ടായി.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ഇല്ലാത്ത അവസ്ഥയാണെന്നും എന്നിട്ടും മന്ത്രിയുടെ വായാടിത്തത്തിന് ഒരു കുറവുമില്ലെന്നും എം വി ജയരാജൻ. കായിക മേളയ്ക്കിടെ അപകടം ഉണ്ടായപ്പോൾ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആളില്ലാത്ത സാഹചര്യമുണ്ടായി.

ഇതിൽ കായിക മന്ത്രി വിദ്യാഭ്യാസ മന്ത്രിയെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ ക്ഷേമമോ കുട്ടികളുടെ സുരക്ഷയോ അല്ല, മറിച്ച് ഗോകുൽമാരുടെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ എസ്ഐ ഭീഷണി മുഴക്കിയ സംഭവത്തിലും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. കുപ്രസിദ്ധിക്ക് റെക്കോർഡ് നൽകേണ്ട ഉദ്യോഗസ്ഥനാണ് ഗോകുൽ എന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസുകാരും ബിജെപിക്കാരും എന്തെങ്കിലും കുറ്റം ചെയ്താൽ കേസില്ലെന്നും, സിപിഎം പ്രവർത്തകർക്കെതിരെ മാത്രമാണ് കേസെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി അണികളെ കൂടെ നിർത്താനുള്ള മർദനവും ക്രൂരതയുമാണ് സർക്കാർ ചെയ്യുന്നത്. ഗോകുലിനെ കൻറോൺമെൻറ് സ്റ്റേഷനിൽ നിന്നും പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിനീഷ് കോടിയേരിയുടെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. ബിനീഷിന്റെ കേസും എക്സലോജിക് കേസും രണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സലോജിക് കേസിൽ തുടക്കം മുതൽ പിണറായി വിജയനെ കുടുക്കാനാണ് ശ്രമം ഉണ്ടായത്.

സിപിഎം നേതാക്കളെ വേട്ടയാടാനാണ് ഈ കേസ് ഉപയോഗിച്ചത്. അതേസമയം, ബിനീഷിന്റെ കേസിൽ കോടിയേരിക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ആ കേസ് വ്യക്തിപരമായി നേരിടുമെന്ന് കോടിയേരി വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി നന്ദകുമാറിന്റെ വിവാദ പരാമർശത്തെക്കുറിച്ചും എം വി ജയരാജൻ പ്രതികരിച്ചു. സിപിഎമ്മിന് ഏതെങ്കിലും മതത്തോടോ ജില്ലയോടോ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടി നിലപാടിന് വിരുദ്ധമായ കാര്യങ്ങൾ നേതാക്കൾ പറയാൻ പാടില്ലെന്നും ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385488/patients-no-cotton-stitching-health-minister-talks-mv-jayarajan-kannur-gokul)