---
title: "കോക്പിറ്റിലെ ആക്രമണം: വിമാനമോ കെട്ടിടമോ തകർക്കാനായിരുന്നു പദ്ധതി; നിർണായക വിവരങ്ങൾ വെളിപ്പെടുത്തി ഫ്ലൈദുബായ് സഹപൈലറ്റ്"
english_title: "Flydubai Co Pilot Hijack Attempt Reveal Plan to Crash Plane in Tel Aviv"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385578/flydubai-copilot-hijack-attempt-tel-aviv-investigation-details"
published_at: "2026-10-05T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac343f3b6a03_images_(31).jpeg"
keywords: ["Flydubai Co Pilot Attack", "Hamam Al Hammami", "Aviation Security News", "Delhi News"]
---

# കോക്പിറ്റിലെ ആക്രമണം: വിമാനമോ കെട്ടിടമോ തകർക്കാനായിരുന്നു പദ്ധതി; നിർണായക വിവരങ്ങൾ വെളിപ്പെടുത്തി ഫ്ലൈദുബായ് സഹപൈലറ്റ്

> **Lead Summary:** **ന്യൂഡൽഹി:** ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റ് ക്യാപ്റ്റനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് തൻ്റെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി.

## Article Content

**ന്യൂഡൽഹി:** ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റ് ക്യാപ്റ്റനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് തൻ്റെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി.

വിമാനം മറ്റേതെങ്കിലും വിമാനത്തിലോ അല്ലെങ്കിൽ നഗരത്തിലെ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കി വൻ ദുരന്തം സൃഷ്ടിക്കാനായിരുന്നു താൻ പദ്ധതിയിട്ടിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ടെൽ അവീവിലെ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു തൻ്റെ പ്രധാന ലക്ഷ്യമെന്ന് ഹമാം അൽ-ഹമ്മാമി പറഞ്ഞു.

വിമാനത്തിലെ മുഖ്യ പൈലറ്റായ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കോക്പിറ്റിനുള്ളിൽ വെച്ച് വധിച്ച ശേഷം സാധാരണ രീതിയിൽ യാത്ര തുടരാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. തുടർന്ന് വിമാനത്താവളത്തിൽ ലാൻഡിംഗിനുള്ള ഔദ്യോഗിക അനുമതി കരസ്ഥമാക്കിയ ശേഷം, റൺവേയിലുള്ള മറ്റെതെങ്കിലും വിമാനത്തിലോ പ്രദേശത്തെ കൂറ്റൻ കെട്ടിടങ്ങളിലോ വിമാനം വേഗതയിൽ ഇടിച്ചിറക്കുകയായിരുന്നു തൻ്റെ പ്രധാന ലക്ഷ്യമെന്ന് ഇയാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

എന്നാൽ സഹപൈലറ്റിൻ്റെ അസ്വാഭാവിക പെരുമാറ്റവും നീക്കങ്ങളും മനസ്സിലാക്കിയ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ കോക്പിറ്റിൻ്റെ വാതിൽ അടിയന്തിരമായി തുറന്ന് പുറത്തേക്ക് കടന്നതോടെ പദ്ധതി അപ്രതീക്ഷിതമായി തകരുകയായിരുന്നു. വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന ആസൂത്രിത ഗൂഢാലോചനയായിരുന്നു ഇതെന്നും ഇത്തരം ഒരു ആക്രമണം നടത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് താൻ ഫ്ലൈദുബായ് വിമാനക്കമ്പനിയിൽ ജോലിക്കായി പ്രവേശിച്ചതെന്നും ഹമാം അൽ-ഹമ്മാമി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385578/flydubai-copilot-hijack-attempt-tel-aviv-investigation-details)