---
title: "പരീക്ഷാക്രമക്കേടിൽ പിഎസ്‌സിക്കെതിരെ ഹൈക്കോടതി: അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയെടുക്കാൻ നിർദ്ദേശം"
english_title: "Kerala High Court Slams PSC Over Exam Irregularities and Unevaluated Answers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385583/kerala-high-court-slams-psc-over-exam-fraud-investigation"
published_at: "2026-10-05T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac348ad93f28_images_(10).jpeg"
keywords: ["Kerala High Court", "PSC Exam Scam", "Planning Board Exam Fraud", "Kerala News"]
---

# പരീക്ഷാക്രമക്കേടിൽ പിഎസ്‌സിക്കെതിരെ ഹൈക്കോടതി: അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയെടുക്കാൻ നിർദ്ദേശം

> **Lead Summary:** **കൊച്ചി**: ആസൂത്രണ ബോർഡ് പരീക്ഷയിലെ അട്ടിമറിയുമായി ബന്ധപ്പെട്ട കേസിൽ കേരള പബ്ലിക് സർവീസ് കമ്മീഷനെ (പിഎസ്‌സി) രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പരീക്ഷയിൽ എഴുതിയ 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നത് വെറുമൊരു സാങ്കേതിക പിഴവല്ലെന്നും, ഇത് പ്രത്യക്ഷമായ അഴിമതിയാണെന്നും കോടതി വ്യക്തമാക്കി.

## Article Content

**കൊച്ചി**: ആസൂത്രണ ബോർഡ് പരീക്ഷയിലെ അട്ടിമറിയുമായി ബന്ധപ്പെട്ട കേസിൽ കേരള പബ്ലിക് സർവീസ് കമ്മീഷനെ (പിഎസ്‌സി) രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പരീക്ഷയിൽ എഴുതിയ 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നത് വെറുമൊരു സാങ്കേതിക പിഴവല്ലെന്നും, ഇത് പ്രത്യക്ഷമായ അഴിമതിയാണെന്നും കോടതി വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട റിട്ട് ഹർജി പരിഗണിക്കവെയായിരുന്നു പിഎസ്‌സിയുടെ തിരിമറികൾക്കെതിരെ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെയും യുവതലമുറയുടെയും ഭാവി നിർണ്ണയിക്കുന്ന പിഎസ്‌സി പോലുള്ള ഒരു ഭരണഘടനാ സ്ഥാപനം നടത്തിയ ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് കൃത്യമായ സംവിധാനം വേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു.

കേസിൽ പിഎസ്‌സിയുടെ വാദങ്ങളെ പാടെ തള്ളിക്കളഞ്ഞ സംസ്ഥാന സർക്കാർ, ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെ വിട്ടത് ക്ലറിക്കൽ മിസ്റ്റേക്ക് (എഴുത്തുപിഴവ്) എന്ന് പറഞ്ഞ് ന്യായീകരിക്കാൻ കഴിയില്ലെന്ന് കോടതിയിൽ തുറന്നടിച്ചു. ഇതൊരു നൂതന രീതിയിലുള്ള അഴിമതിയാണെന്നും, സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഇത്തരം പിഴവുകൾ ഉദ്യോഗസ്ഥ അനാസ്ഥയായി കാണാൻ കഴിയില്ലെന്നും സർക്കാർ വാദിച്ചു. മാത്രവുമല്ല, പിഎസ്‌സി ചെയർമാൻ അടക്കമുള്ള പ്രമുഖർ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, സ്ഥാപനത്തിനെതിരെ നൂറ്റമ്പതിലേറെ പരാതികൾ നിലവിലുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.

സർക്കാരിന്റെ വാദം കേട്ട ഹൈക്കോടതി, അന്വേഷണ ഏജൻസികളുമായി എന്തുകൊണ്ടാണ് പിഎസ്‌സി സഹകരിക്കാത്തതെന്ന് ആശ്ചര്യപ്പെട്ടു. നോട്ടീസ് നൽകിയിട്ടും ഹാജരാകാൻ വിസമ്മതിക്കുകയാണെങ്കിൽ അത്തരം ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് കടക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള ധാർമ്മിക ഉത്തരവാദിത്തം പിഎസ്‌സിക്കുണ്ട്. നാടിന്റെയും യുവജനങ്ങളുടെയും പ്രതീക്ഷകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, അതിനാൽ അന്വേഷണത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും കോടതി സർക്കാരിനോട് എടുത്തുപറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385583/kerala-high-court-slams-psc-over-exam-fraud-investigation)