---
title: "തലശ്ശേരി–ബംഗളൂരു സ്വിഫ്റ്റ് സർവീസ് കേളകം–കൊട്ടിയൂർ വഴിയാക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം"
english_title: "Reroute Thalassery-Bengaluru KSRTC SWIFT via Kelakam-Kottiyoor: Memorandum to Transport Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385640/thalassery-bengaluru-ksrtc-swift-reroute-kelakam-kottiyoor-memorandum"
published_at: "2026-10-05T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac38bb6a7b74_swift.png"
keywords: ["KSRTC SWIFT", "Kelakam News", "Kottiyoor Pilgrimage", "Kannur KSRTC"]
---

# തലശ്ശേരി–ബംഗളൂരു സ്വിഫ്റ്റ് സർവീസ് കേളകം–കൊട്ടിയൂർ വഴിയാക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം

> **Lead Summary:** കേളകം:തലശ്ശേരിയിൽ നിന്ന് പേരാവൂർ വഴി ആരംഭിച്ച തലശ്ശേരി–ബംഗളൂരു കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് സർവീസ് കേളകം–കൊട്ടിയൂർ വഴി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. രാത്രി 9.00-ന് തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.30-ന് ബംഗളൂരുവിൽ എത്തുന്നതും തിരികെ രാത്രി 9.45-ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതുമായ സ്വിഫ്റ്റ് സർവീസ് മലയോര നിവാസികൾക്ക് നിലവിൽ ഏറെ ആശ്വാസകരമാണ്. എന്നാൽ, സർവീസിന്റെ റൂട്ടിൽ ചെറിയൊരു ക്രമീകരണം വരുത്തി കേളകം–കൊട്ടിയൂർ വഴി കടന്നുപോകാൻ തക്കവിധം മാറ്റിയാൽ മലയോര മേഖലയിലെ ജനങ്ങൾക്ക് ഇത് കൂടുതൽ പ്രയോജനപ്പെടുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

## Article Content

കേളകം:തലശ്ശേരിയിൽ നിന്ന് പേരാവൂർ വഴി ആരംഭിച്ച തലശ്ശേരി–ബംഗളൂരു കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് സർവീസ് കേളകം–കൊട്ടിയൂർ വഴി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. രാത്രി 9.00-ന് തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.30-ന് ബംഗളൂരുവിൽ എത്തുന്നതും തിരികെ രാത്രി 9.45-ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതുമായ സ്വിഫ്റ്റ് സർവീസ് മലയോര നിവാസികൾക്ക് നിലവിൽ ഏറെ ആശ്വാസകരമാണ്. എന്നാൽ, സർവീസിന്റെ റൂട്ടിൽ ചെറിയൊരു ക്രമീകരണം വരുത്തി കേളകം–കൊട്ടിയൂർ വഴി കടന്നുപോകാൻ തക്കവിധം മാറ്റിയാൽ മലയോര മേഖലയിലെ ജനങ്ങൾക്ക് ഇത് കൂടുതൽ പ്രയോജനപ്പെടുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഉത്തരകേരളത്തിലെ പ്രശസ്‌തമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനും ക്ഷേത്രദർശനത്തിനുമായി എത്തുന്ന ആയിരക്കണക്കിന് തീർഥാടകർക്കും മലയോര നിവാസികൾക്കും നേരിട്ടുള്ള യാത്രാസൗകര്യം ലഭ്യമാക്കാൻ സർവീസ് കൊട്ടിയൂർ വഴിയാക്കുന്നത് സഹായിക്കും. ബംഗളൂരുവിൽ പഠിക്കുന്ന മലയോര മേഖലയിലെ നൂറുകണക്കിന് വിദ്യാർഥികൾക്കും വിവരസാങ്കേതിക-വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും രാത്രികാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ പോയി ബസ് കയറേണ്ട സാഹചര്യം ഒഴിവാക്കാനും ഈ ക്രമീകരണം ഉപകരിക്കും.

നിലവിലെ സർവീസ് റൂട്ടിൽ വലിയ സമയനഷ്ടമില്ലാതെ തന്നെ കേളകം കടന്ന് കൊട്ടിയൂർ വഴി പേരാവൂരിലെത്തി ബംഗളൂരുവിലേക്ക് സർവീസ് നടത്താൻ സാധിക്കുമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു. ജനസാന്ദ്രതയേറിയ ഈ മലയോര പാത കൂട്ടിച്ചേർക്കുന്നതിലൂടെ കൂടുതൽ യാത്രക്കാരെ ലഭിക്കുകയും സർവീസിന്റെ കളക്ഷൻ വർധിച്ച് കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കുകയും ചെയ്യും. കൊട്ടിയൂരിന്റെ തീർഥാടന പ്രാധാന്യവും മലയോര മേഖലയിലെ ജനങ്ങളുടെയും വിദ്യാർഥികളുടെയും യാത്രാദുരിതവും കണക്കിലെടുത്ത്, തലശ്ശേരി–ബംഗളൂരു സ്വിഫ്റ്റ് സർവീസ് കേളകം–കൊട്ടിയൂർ–പേരാവൂർ വഴി പുനഃക്രമീകരിച്ച് ഉത്തരവിറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385640/thalassery-bengaluru-ksrtc-swift-reroute-kelakam-kottiyoor-memorandum)