---
title: "അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തുന്നു; വിഷാംശ പരിശോധന എവിടെ?"
english_title: "Vegetables Coming From Neighboring States Where Is Toxicity Testing Karnataka Tamil Nadu Border Hundreds Of Loads Inspection System Strengthen Demand Kelakam Pesticide Food Safety Market Wholesale Centers Lab Testing Demand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385796/vegetables-neighboring-states-toxicity-testing-where-kelakam-karnataka-tamil-nadu"
published_at: "2026-10-06T16:24:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4d3f37c8b3_1000238230.jpg"
keywords: ["Vegetables Coming From Neighboring States", "Toxicity Testing Karnataka Tamil Nadu Border  Hundreds Of Loads Inspection System Strengthen Demand Kelakam", "Kerala Food Edibility Toxicity Presence Not Enough Inspection"]
---

# അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തുന്നു; വിഷാംശ പരിശോധന എവിടെ?

> **Lead Summary:** **കേളകം: **അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ദിവസേന എത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും കീടനാശിനി ഉൾപ്പെടെയുള്ള വിഷാംശങ്ങൾ പരിശോധിക്കുന്ന സംവിധാനം കാര്യക്ഷമമല്ലെന്ന പരാതി ശക്തമാകുന്നു.

## Article Content

**കേളകം: **അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ദിവസേന എത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും കീടനാശിനി ഉൾപ്പെടെയുള്ള വിഷാംശങ്ങൾ പരിശോധിക്കുന്ന സംവിധാനം കാര്യക്ഷമമല്ലെന്ന പരാതി ശക്തമാകുന്നു.

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് ലോഡ് പച്ചക്കറികളും പഴവർഗങ്ങളുമാണ് വിവിധ ഇടനാഴികളിലൂടെ കേരളത്തിലെത്തുന്നത്. ഇവയിൽ ഭക്ഷ്യയോഗ്യതയും വിഷാംശ സാന്നിധ്യവും പരിശോധിക്കുന്നതിന് മതിയായ പരിശോധന നടക്കാത്തത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

പച്ചക്കറി ഉൽപാദനത്തിൽ കീടനാശിനികളും മറ്റ് കാർഷിക രാസവസ്തുക്കളും ഉപയോഗിക്കുന്നതിനാൽ അവയുടെ അവശിഷ്ടങ്ങൾ ഭക്ഷ്യവസ്തുക്കളിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്.

നിശ്ചിത പരിധിയിൽ കൂടുതലുള്ള കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയ ഭക്ഷണം തുടർച്ചയായി കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ വിപണിയിലെത്തുന്ന പച്ചക്കറികളിൽ കൃത്യമായ പരിശോധന അനിവാര്യമാണ്.

കേരളത്തിലെ പ്രധാന പച്ചക്കറി വിപണികളിലേക്കും മൊത്തവിതരണ കേന്ദ്രങ്ങളിലേക്കും അയൽ സംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ ഉൽപന്നങ്ങൾ എത്തുന്നുണ്ട്. പുലർച്ചെ തന്നെ വിവിധ വാഹനങ്ങളിലായി എത്തുന്ന ലോഡുകൾ വിപണികളിലേക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യപ്പെടുന്നു. പരിശോധനാ സംവിധാനം ദുർബലമായാൽ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാതെ ഉൽപന്നങ്ങൾ ഉപഭോക്താക്കളിലെത്താനുള്ള സാധ്യത വർധിക്കും.

മുമ്പുണ്ടായിരുന്ന പരിശോധനാ സംവിധാനങ്ങൾ ഇപ്പോൾ ശുഷ്കമായതായാണ് വ്യാപാരികളും ഉപഭോക്താക്കളും ചൂണ്ടിക്കാട്ടുന്നത്. സ്ഥിരമായ സാമ്പിൾ ശേഖരണം, ലാബ് പരിശോധന, അതിർത്തി ചെക്ക്പോസ്റ്റുകളിലെയും പ്രധാന വിപണികളിലെയും പരിശോധന എന്നിവ ശക്തമാക്കണമെന്നാണ് ആവശ്യം.

വിഷാംശ പരിശോധനയുടെ അഭാവം സാധാരണ ഉപഭോക്താവിനെ കൂടുതൽ ആശങ്കയിലാക്കുകയാണ്. പുറമേയ്ക്ക് പുതുമയും ഗുണനിലവാരവും തോന്നുന്ന പച്ചക്കറിയിൽ അനുവദനീയമായ പരിധിക്കപ്പുറം രാസാവശിഷ്ടങ്ങളുണ്ടോ എന്ന് ഉപഭോക്താവിന് സ്വയം തിരിച്ചറിയാൻ സാധിക്കില്ല. അതിനാൽ സർക്കാർ സംവിധാനങ്ങളുടെ ശാസ്ത്രീയ പരിശോധന മാത്രമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള പ്രധാന മാർഗം.

അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും റാൻഡം സാമ്പിൾ പരിശോധന വ്യാപകമാക്കുക, പ്രധാന വിപണികളിൽ സ്ഥിരം പരിശോധനാ സംവിധാനം ഏർപ്പെടുത്തുക, സംശയാസ്പദമായ ലോഡുകൾ വിശദമായി പരിശോധിക്കുക, പരിശോധനാഫലങ്ങൾ പരസ്യപ്പെടുത്തുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഏകോപിത ഇടപെടലിലൂടെ അതിർത്തി മുതൽ വിപണി വരെ പരിശോധന ശക്തമാക്കണമെന്നും, നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും ഉപഭോക്തൃ സംഘടനകളും പൊതുജനങ്ങളും ആവശ്യപ്പെടുന്നു.

ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ പരിശോധനാ സംവിധാനത്തിലെ വീഴ്ചകൾ അടിയന്തരമായി പരിഹരിച്ച് കേരളത്തിലെത്തുന്ന പച്ചക്കറികളും പഴവർഗങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385796/vegetables-neighboring-states-toxicity-testing-where-kelakam-karnataka-tamil-nadu)