---
title: "പത്ത് നാൾ ഇനി ആഘോഷരാവുകൾ; കണ്ണൂർ ദസറയ്ക്ക് വർണാഭമായ തുടക്കം"
english_title: "Kannur Dasara 2026 Colorful Start Ten Days Celebration Drone Show"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386851/kannur-dasara-2026-colorful-start-ten-days-celebration-drone-show"
published_at: "2026-10-13T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acde3e052e22_1000343237.jpg"
keywords: ["Kannur", "Dasara"]
---

# പത്ത് നാൾ ഇനി ആഘോഷരാവുകൾ; കണ്ണൂർ ദസറയ്ക്ക് വർണാഭമായ തുടക്കം

> **Lead Summary:** **കണ്ണൂർ** : തിന്മയ്ക്ക് മേൽ നന്മ വിജയം നേടിയ പെരുമകളുമായി കണ്ണൂർ ദസറയ്ക്ക് വർണാഭമായ തുടക്കം. കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് ഒരുക്കിയ പ്രത്യേക പവലിയനിൽ ഇനി കലയുടെ പത്ത് നാളുകൾ, നഗരത്തിനും ആഘോഷരാവുകൾ.

## Article Content

**കണ്ണൂർ** : തിന്മയ്ക്ക് മേൽ നന്മ വിജയം നേടിയ പെരുമകളുമായി കണ്ണൂർ ദസറയ്ക്ക് വർണാഭമായ തുടക്കം. കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് ഒരുക്കിയ പ്രത്യേക പവലിയനിൽ ഇനി കലയുടെ പത്ത് നാളുകൾ, നഗരത്തിനും ആഘോഷരാവുകൾ.

ഒരുമയ്ക്കായി ദസറ, ലഹരിക്കെതിരെ തൂഫാൻ എന്ന സന്ദേശവുമായാണ് ഇത്തവണ ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ടൗൺ സ്ക്വയറിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.ഒ മോഹനൻ എംഎൽഎ ഭദ്രദീപം കൊളുത്തി ദസറയ്ക്ക് നാന്ദികുറിച്ചു.

ഡെപ്യൂട്ടി മേയർ കെ.പി താഹിർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മുഖ്യാതിഥിയും നാടക പ്രവർത്തകനും സിനിമാ നടനുമായ സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥിയുമായി. പരിസ്ഥിതി പ്രവർത്തകൻ പി. കൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി, സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡി, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, കോർപ്പറേഷൻ സെക്രട്ടറി ആർ. രാഹേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടന ദിവസം ഹരിശങ്കർ ലൈവ് മെഗാ ഷോ അരങ്ങേറി. ഫെജോ റാപ്പ് ഷോ ചൊവ്വാഴ്ച നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖരായ കലാകാരന്മാർ കണ്ണൂർ ദസറയുടെ ഭാഗമാകും.

നവ്യാ നായരുടെ ഭരതനാട്യം, കച്ചേരി, മസാല കോഫി, തൃസന്ധ്യ ബാൻഡ്, വെല്ലിംഗ്ടൺ ഐലൻഡ് മ്യൂസിക് ബാൻഡ് എന്നിവരുടെ ലൈവ് ഷോകൾ, ഗസൽ സന്ധ്യ, ഫോക്ക് മെഗാ ഷോ, ഭജനുകൾ എന്നിവ അരങ്ങേറും. പ്രാദേശിക കലാകാരന്മാരുടെ വിവിധ പരിപാടികളും കലാസന്ധ്യയ്ക്ക് മിഴിവേകും.

സമാപന ദിവസമായ ഒക്ടോബർ 21ന് മെഗാ ഡ്രോൺ ഷോ ഉണ്ടായിരിക്കും. സഞ്ചാരികൾക്ക് നഗരം ചുറ്റി സഞ്ചരിക്കാൻ ഇത്തവണ ഡബിൾ ഡക്കർ ബസും ദസറയോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട്. വ്യാപാര ഉത്സവം, വൈദ്യുത ദീപാലങ്കാരങ്ങൾ, ട്രേഡ് ഫെയറുകൾ എന്നിവയെല്ലാം കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് ചാരുത പകരുന്നു. മൈസൂർ ദസറയുടെ സാംസ്കാരിക പ്രൗഢിയും കണ്ണൂരിന്റെ തനത് കലാരൂപങ്ങളെയും സമന്വയിപ്പിച്ചാണ് ഇത്തവണയും കണ്ണൂർ ദസറ വിഭാവനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386851/kannur-dasara-2026-colorful-start-ten-days-celebration-drone-show)