---
title: "കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശഗോപുരം, ആ വിളക്ക് കെടുത്താതിരുന്നാൽ മതി: പിണറായി വിജയൻ"
english_title: "Thiruvananthapuram State Medicine Shortage Related Health Minister Arguments Telling Reply Opposition Leader Pinarayi Vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386867/kerala-health-sector-light-tower-lamp-not-extinguish-pinarayi-vijayan-opposition"
published_at: "2026-10-13T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdf56702dda_1000239728.jpg"
keywords: ["Kerala Health Sector Country Light Tower That Lamp Not Extinguish Enough Pinarayi Vijayan", "Thiruvananthapuram State Medicine Shortage Related Health Minister Arguments Telling Reply", "This Less Itself Shortage Understand Pinarayi Vijayan Assembly Said"]
---

# കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശഗോപുരം, ആ വിളക്ക് കെടുത്താതിരുന്നാൽ മതി: പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ വാദങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകൾ കുറവാണെന്നും പറയുന്ന ആരോഗ്യമന്ത്രി ഈ കുറവ് തന്നെയാണ് ക്ഷാമമെന്ന് മനസിലാക്കണമെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ വാദങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകൾ കുറവാണെന്നും പറയുന്ന ആരോഗ്യമന്ത്രി ഈ കുറവ് തന്നെയാണ് ക്ഷാമമെന്ന് മനസിലാക്കണമെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ അലാവുദ്ദീന്റെ അത്ഭുതവിളക്ക് കൈയിലില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശഗോപുരമാണ്. ആ വിളക്ക് കെടുത്താതിരുന്നാൽ മതി. വേറെ അത്ഭുതവിളക്കൊന്നും തേടിപ്പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് പിണറായി വിജയൻ പറഞ്ഞു. സമീപനങ്ങൾക്ക് ആത്മാർഥതയില്ലാത്തതാണ് യഥാർഥ പ്രശ്നം. മരുന്നുകിട്ടാൻ ജനങ്ങൾ മണിക്കൂറുകൾ ക്യൂ നിൽക്കുന്നതും എന്നിട്ടും കിട്ടാതെ മടങ്ങുന്നതും നാം മാധ്യമങ്ങളിൽ കാണുന്നുണ്ട്.

അട്ടപ്പാടിയിൽ ഈ അടുത്തിടെ ശിശുമരണങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആരാണ് അതിന് ഉത്തരവാദിയെന്ന് ആലോചിക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോരുണ്ടായത്. സംസ്ഥാനത്ത് മരുന്ന് സ്റ്റോക്ക് ഇല്ലെന്ന കെവി സുമേഷ് എംഎൽഎയുടെ വിമർശനത്തിന് മന്ത്രി കെ മുരളീധരൻ മറുപടി നൽകിയതാണ് ബഹളത്തിന് ഇടയാക്കിയത്.

സംസ്ഥാനത്തെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും ഇല്ലാത്ത മരുന്ന് എത്തിക്കാനുള്ള എന്തെങ്കിലും നടപടിയുണ്ടോ എന്ന് കെവി സുമേഷ് ഉന്നയിച്ചു. അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്ന് മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തതെന്നാണ് മന്ത്രി കെ മുരളീധരന്റെ മറുപടി.

മാർച്ച് മാസത്തിൽ പർച്ചേസ് ഓർഡർ കൊടുക്കുന്നതിൽ കഴിഞ്ഞ സർക്കാർ വീഴ്ച വരുത്തിയതാണ് കാരണമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386867/kerala-health-sector-light-tower-lamp-not-extinguish-pinarayi-vijayan-opposition)