---
title: "അടുത്ത സമര നീക്കമെന്ത്? ഡൽഹിയിൽ ഇന്നും മിന്നൽ പ്രതിഷേധത്തിന് സാധ്യത, തിരക്കിട്ട ചർച്ചകളുമായി സംഘടനകൾ"
english_title: "New Delhi Gyanesh Kumar Resignation Demanding Today Also Lightning Protest Continue Move Youth Student Organizations Afternoon Connaught Place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387033/gyanesh-kumar-resignation-demand-delhi-lightning-protest-today-discussions-organizations"
published_at: "2026-10-14T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf3dde39981_1000239932.jpg"
keywords: ["Gyanesh Kumar Resignation Demand Lightning Protest Delhi", "Today Organizations Discussion", "New Delhi Gyanesh Kumar Resignation Demanding Today Also Lightning Protest Continue", "March Move SIR Irregularity Protest Strengthen Eminent Citizens Leadership Consultation Meeting"]
---

# അടുത്ത സമര നീക്കമെന്ത്? ഡൽഹിയിൽ ഇന്നും മിന്നൽ പ്രതിഷേധത്തിന് സാധ്യത, തിരക്കിട്ട ചർച്ചകളുമായി സംഘടനകൾ

> **Lead Summary:** **ന്യൂഡൽഹി: **ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും മിന്നൽ പ്രതിഷേധം തുടരാൻ നീക്കവുമായി യുവജന വിദ്യാർത്ഥി സംഘടനകൾ. ഉച്ചയോടെ കൊണാട്ട് പ്ലേസ്, ജൻ പഥ്, മാണ്ഡി ഹൗസ് എന്നിവിടങ്ങളിലേക്ക് മാർച്ച് നടത്താനാണ് നീക്കം.

## Article Content

**ന്യൂഡൽഹി: **ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും മിന്നൽ പ്രതിഷേധം തുടരാൻ നീക്കവുമായി യുവജന വിദ്യാർത്ഥി സംഘടനകൾ. ഉച്ചയോടെ കൊണാട്ട് പ്ലേസ്, ജൻ പഥ്, മാണ്ഡി ഹൗസ് എന്നിവിടങ്ങളിലേക്ക് മാർച്ച് നടത്താനാണ് നീക്കം.

എസ്ഐആർ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ പൗര പ്രമുഖരുടെ നേതൃത്വത്തിൽ കൂടിയാലോചനാ യോഗവും ഇന്ന് ചേരും. ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രതിഷേധം തുടരുമെന്നാണ് യുവജന വിദ്യാർത്ഥി സംഘടനകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജിയോടൊപ്പം ജന്തർ മന്തർ സമര കേന്ദ്രമായി നിലനിർത്താനായും പോരാട്ടം തുടരുമെന്ന് എ എ റഹീം എംപി റിപ്പോർട്ടറിനോട് പറഞ്ഞു. രാജ്യത്ത് ഉടനീളം ജന്തർ മന്തർ സൃഷ്ടിക്കും. വരുന്ന മണിക്കൂറുകളിൽ യുവജന വിദ്യാർത്ഥി സംഘടനകളുടെ മിന്നൽ സമരം ഡൽഹിയിൽ ഉണ്ടാകും.

ഇടത് വിദ്യാർത്ഥി യുവജന സംഘടനകളുടെ സംയുക്തമായ ഒരു സമര നീക്കത്തിന് തലസ്ഥാനം സാക്ഷിയാകുമെന്നും റഹീം വ്യക്തമാക്കി. ജന്തർ മന്തറിലെ നിരോധനം വളരെ പ്രതിഷേധാർഹമാണ്. എവിടെ സമരം ചെയ്യണമെന്ന് ഭരണകൂടമല്ല നിശ്ചയിക്കുന്നത്. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തകർച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജിയും പറഞ്ഞു. ഇടത് വിദ്യാർത്ഥി സംഘടനകൾ സംയുക്തമായി സമരം തുടരും. വരും സമയങ്ങളിൽ മിന്നൽ സമരങ്ങളെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. സിജെപി നേതാക്കളെ റിമാൻഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്.

മാരകായുധങ്ങളായിരുന്നില്ല അവരുടെ കൈയ്യിൽ ഉണ്ടായിരുന്നത്. രാജ്യത്തിന്റെ ദേശീയ പതാകയായിരുന്നു. പ്രതിഷേധിക്കാനുള്ള അധികാരം പോലും ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന് ആദർശ് ചൂണ്ടിക്കാട്ടി. നിങ്ങൾ 1,20,000 രൂപ നൽകിയിട്ട് പ്രതിഷേധിക്കൂ എന്നാണ് ഭരണകൂടം പറയുന്നത്. റാം ലീല മൈദാനിയിൽ അടക്കം അതാണ് നിലപാട്.

ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങളെയാണ് സർക്കാർ അടിച്ചമർത്തുന്നതെന്നും എസ്എഫ്ഐ നേതാവ് വിമർശനമുയർത്തി.

പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ജെയ്ക് സി തോമസും വ്യക്തമാക്കി. ജന്തർ മന്തറിലെ സമര നിരോധനം കൂടി ഡിവൈഎഫ്ഐ മുദ്രാവാക്യമായി ഉയർത്തും.

ഡൽഹിയെ സമരരഹിത തലസ്ഥാനമാക്കി മാറ്റാനാണ് കേന്ദ്രം പരിശ്രമിക്കുന്നത്. ഔദാര്യത്തിൽ കാശ് കൊടുത്ത് നടത്തേണ്ട ഏർപ്പാടല്ലല്ലോ സമരം എന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം പാടില്ലെന്ന് ഏതെങ്കിലും സർക്കാർ തീരുമാനിച്ചാൽ നമുക്ക് അംഗീകരിക്കാനാകുമോ.

ജന്തർ മന്തറിനെ തിരികെ പിടിക്കുക എന്നത് പ്രധാന കാര്യമാണ്. ഏത് നിമിഷവും സമരം പ്രതീക്ഷിക്കാമെന്നും അതാണ് ഇപ്പോൾ ഡൽഹി ആവശ്യപ്പെടുന്നതെന്നും ജെയ്ക്ക് വ്യക്തമാക്കി.

കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രതിഷേധം മുന്നോട്ട് പോകുന്നതെന്നും അത് തുടരുമെന്നും കെ ശിവദാസൻ എംപിയും വ്യക്തമാക്കി. അർഹരായ വോട്ടർമാരുടെ പേര് വെട്ടിമാറ്റുന്നതാകരുത് രാജ്യത്തെ വോട്ടർ പട്ടികാ പരിഷ്കരണം. ഇപ്പോൾ തുടരുന്ന സമരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തകർക്കാനാണ് ഡൽഹി പൊലീസ് ശ്രമിക്കുന്നത്. എസ്ഐആറും എഫ്ഐആറും ഇപ്പോൾ കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും ഉപകരണമായി മാറുകയാണ്.

ഇതിനെ വെച്ച് തകർക്കാൻ കഴിയുന്നതല്ല രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സമര ശക്തിയെന്നും എംപി മുന്നറിയിപ്പ് നൽകി. ഡൽഹി പൊലീസ് എത്ര കള്ളക്കേസ് എടുത്താലും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387033/gyanesh-kumar-resignation-demand-delhi-lightning-protest-today-discussions-organizations)