---
title: "അഭിമന്യു വധക്കേസ്; മാസ്ക് വെച്ച് പ്രതികൾ പ്രതിക്കൂട്ടിൽ കയറി, മാസ്ക് അഴിപ്പിച്ച് കോടതി"
english_title: "Kochi Abhimanyu Murder Case Mask Wearing Accused Accused Box Entered Mask Removed Court 1 To 6 Accused Court Appeared"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387197/kochi-abhimanyu-murder-case-mask-accused-court-removed-trial"
published_at: "2026-10-15T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad09175e900d_1000240243.jpg"
keywords: ["Abhimanyu Murder Case Mask Accused Court Trial", "Kochi Abhimanyu Murder Case Mask Wearing Accused", "Accused Box Entered Mask Removed Court", "If Again Strict Action Court Warned Witnesses Accused"]
---

# അഭിമന്യു വധക്കേസ്; മാസ്ക് വെച്ച് പ്രതികൾ പ്രതിക്കൂട്ടിൽ കയറി, മാസ്ക് അഴിപ്പിച്ച് കോടതി

> **Lead Summary:** **കൊച്ചി: **അഭിമന്യു വധക്കേസിൽ മാസ്ക് വെച്ച് പ്രതികൾ പ്രതിക്കൂട്ടിൽ കയറി. മാസ്ക് അഴിപ്പിച്ച് കോടതി. 1 മുതൽ 6 വരെ പ്രതികളാണ് കോടതിയിൽ ഹാജരായത്. ഇനി ഇങ്ങനെ വന്നാൽ കർശന നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

## Article Content

**കൊച്ചി: **അഭിമന്യു വധക്കേസിൽ മാസ്ക് വെച്ച് പ്രതികൾ പ്രതിക്കൂട്ടിൽ കയറി. മാസ്ക് അഴിപ്പിച്ച് കോടതി. 1 മുതൽ 6 വരെ പ്രതികളാണ് കോടതിയിൽ ഹാജരായത്. ഇനി ഇങ്ങനെ വന്നാൽ കർശന നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

സാക്ഷികൾ പ്രതികളെ തിരിച്ചറിയാതെ ഇരിക്കാൻ വേണ്ടി മനഃപൂർവം രൂപമാറ്റം വരുത്തി എത്തിയെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കി.

പ്രതികളെ ഒന്നും രണ്ടും സാക്ഷികൾ തിരിച്ചറിഞ്ഞു. പ്രഥമ സാക്ഷി വിസ്തരത്തിന് ശേഷം എല്ലാ സാക്ഷികളെയും ഒരുമിച്ച് എതിർ വിസ്താരത്തിന് വിളിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നിരോധിത സംഘടനയായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് കേസിൽ വിചാരണ നേരിടുന്നത്.

രഹസ്യ വിചാരണ നടത്തണമെന്നും കോടതിക്ക് പുറത്ത് മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചതോടെയാണ് വിചാരണ നടപടികൾ ആരംഭിച്ചത്. കേസിൽ ആകെ 156 സാക്ഷികളാണുള്ളത്. ഇതിൽ ആദ്യദിനം ഒന്നു മുതൽ രണ്ടുവരെയുള്ള സാക്ഷികളെയാണ് വിസ്തരിക്കുന്നത്.

18 ദിവസത്തിനുള്ളിൽ മുഴുവൻ സാക്ഷിവിസ്താരങ്ങളും പൂർത്തിയാക്കാനാണ് കോടതി ലക്ഷ്യമിടുന്നത്. പ്രതികൾ നേരത്തേ പലതവണ കോടതിയിൽ ഹാജരാകാതിരുന്നതിൽ വിചാരണക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

പിന്നീട് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകുകയായിരുന്നു. കേസിന്റെ വിചാരണ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിചാരണ പൂർത്തിയാക്കി കൃത്യം നാലുമാസത്തിനുള്ളിൽ അന്തിമ വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതി സെഷൻസ് കോടതിയോട് ഉത്തരവിട്ടിരുന്നു.

കൊല്ലപ്പെട്ട അഭിമന്യുവിന്റെ അമ്മ ഭൂപതി സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി. യാതൊരു കാരണവശാലും സമയപരിധി നീട്ടിനൽകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387197/kochi-abhimanyu-murder-case-mask-accused-court-removed-trial)