---
title: "കിഫ്ബി വിവാദത്തിൽ വി ഡി സതീശന്റെ കണക്ക് തള്ളി തോമസ് ഐസക്; കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത് ദീർഘവീക്ഷണത്തോടെ"
english_title: "Thomas Isaac Byte Kifb Controversy Kannur Kannur Kifb Investment Background Development All Districts Equally Possible"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387509/thomas-isaac-rejects-vd-satheesan-kifb-controversy-kannur-land-acquisition"
published_at: "2026-10-17T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad35054337c7_1000240945.jpg"
keywords: ["Thomas Isaac KIFB Controversy", "KIFB Kannur Land Acquisition", "Thomas Isaac Reply VD Satheesan"]
---

# കിഫ്ബി വിവാദത്തിൽ വി ഡി സതീശന്റെ കണക്ക് തള്ളി തോമസ് ഐസക്; കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത് ദീർഘവീക്ഷണത്തോടെ

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിലെ കിഫ്ബി നിക്ഷേപത്തെക്കുറിച്ചും ഭൂമി ഏറ്റെടുക്കൽ വിവാദത്തെക്കുറിച്ചും മുൻ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

## Article Content

**കണ്ണൂർ : **കണ്ണൂരിലെ കിഫ്ബി നിക്ഷേപത്തെക്കുറിച്ചും ഭൂമി ഏറ്റെടുക്കൽ വിവാദത്തെക്കുറിച്ചും മുൻ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

പശ്ചാത്തല വികസനം എല്ലാ ജില്ലകൾക്കും തുല്യമായി സാധിക്കുമോ എന്ന ചോദ്യത്തിന് ഏറ്റക്കുറച്ചിലുണ്ടാകുമെന്നും ഭൂമിയുടെ കാര്യത്തിലും അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതി എന്നത് ദീർഘവീക്ഷണമില്ലാത്തതെന്ന് വ്യക്തമാക്കുന്നതല്ല. തീരുമാനമെടുക്കുന്നത് കിഫ്ബി അല്ല, ഭരണനേതൃത്വമാണ്.

കിയാലുമായി ബന്ധപ്പെട്ട അനുബന്ധ വികസനത്തിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കൽ. വ്യവസായത്തിന് ഭൂമി ഇപ്പോൾ ഏറ്റെടുക്കുന്നതാണ് ലാഭകരം. ദീർഘദൃഷ്ടിയോടെ ചെയ്ത പ്രവൃത്തിയാണിത്.

വില കൂടി എന്ന ആരോപണത്തെക്കുറിച്ച് - ഭൂമിക്ക് എന്ത് വില കൊടുക്കണം എന്ന് യുപിഎ ഭരണകാലത്ത് ഫെയർ കോമ്പൻസേഷൻ നടപ്പിലാക്കിയിട്ടുണ്ട്. അത് പ്രകാരമാണ് ദേശീയ പാതക്ക് ഭൂമി വാങ്ങിയത്. 5600-ൽ 1000 ഏക്കറാണ് ഏറ്റെടുത്തിട്ടുള്ളത്. അതിൽ 100 ഏക്കർ സ്ഥലമാണ് വ്യവസായത്തിന് ഏറ്റെടുക്കുന്നത്.

സമുദ്രമിഷൻ പദ്ധതിക്കായി എങ്ങനെയാണ് ഭൂമി കണ്ടെത്തുന്നതെന്ന ചോദ്യത്തിന് - കടപ്പുറത്ത് മിച്ചഭൂമി ഉണ്ടെങ്കിൽ അതിന്റെ ആദ്യത്തെ അവകാശി മത്സ്യത്തൊഴിലാളിയാണ്. മത്സ്യത്തൊഴിലാളിക്ക് കിടപ്പാടം കൊടുത്തിട്ട് വ്യവസായത്തിനു കൊടുക്കാൻ മാത്രമേ അനുവദിക്കൂ.

കിഫ്ബിക്ക് കിൻഫ്ര പലിശ ഉൾപ്പെടെ തിരിച്ചു നൽകേണ്ടതുണ്ട്. ലളിതമായ കാര്യങ്ങളാണ് സംഭവിച്ചത്. പക്ഷേ ഇതിൽ എന്തോ ഉണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു.

കിഫ്ബി വേണ്ട എന്ന് മുഖ്യമന്ത്രി കേരളത്തോട് പറയണം. വൻകിട പദ്ധതികൾ വേണ്ടെന്നു വയ്ക്കുമോ? പലിശ എന്ന് പറഞ്ഞ് മനുഷ്യനെ വിരട്ടരുത്. നായനാരുടെ കാലത്തും എ കെ ആന്റണിയുടെ കാലത്ത് ഈ തുക ദൈനംദിന ആവശ്യങ്ങൾക്ക് ചെലവഴിച്ചു. ഒരു പശ്ചാത്തല വികസനവും നടത്തിയില്ല.

വേണ്ടെന്ന് വെക്കുന്നതിനുമുമ്പ് പശ്ചാത്തല വികസനം എങ്ങനെ നടത്തും എന്ന് പറയണം. കേന്ദ്രം നമ്മളെ നന്നാക്കാൻ നിൽക്കുകയല്ല എന്ന് വി ഡി സതീശൻ മനസ്സിലാക്കണം.

വി ഡി സതീശന്റെ കണക്ക് തള്ളി തോമസ് ഐസക് പറഞ്ഞു - കിഫ്ബിയുടെ കയ്യിൽ നിലവിൽ 10000 കോടി ഉണ്ട്. 7000 കോടി കൊടുക്കണം (നികുതി വിഹിതം). 7000 കോടിയുടെ വായ്പ അനുവദിച്ചത് ലഭിക്കാനുണ്ട്. 24000 കോടി മൊത്തം ഉണ്ട്.

കിഫ്ബി ഫണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. എത്രയും നേരത്തെ ഭൂമിയെടുക്കാൻ പറ്റുമോ അത്രയും നല്ലത് എന്നതാണ് എന്റെ വികസന നിലപാട്. ബാക്കിയെല്ലാം പിന്നീടാണ്. ഭൂമി ഏറ്റെടുത്തത് തെറ്റായിപ്പോയി എന്ന് ഒരിക്കലും പറയില്ല. ഫെയർ വാല്യൂ മാനദണ്ഡപ്രകാരം നിശ്ചയിച്ചതാണ്.

7 വർഷമായി ഇ ഡി എന്റെ പുറകെ നടക്കുന്നു - മസാല ബോണ്ട്. വി ഡി സതീശൻ കിഫ്ബിയെ നിലനിർത്തണം. വാക്കോവർ എന്ന് ആരും പ്രതീക്ഷിക്കേണ്ട. കിഫ്ബി പദ്ധതികൾ ഒഴിവാക്കിയാൽ ഒഴിവാക്കുന്ന ഓരോ പദ്ധതിയുടെ പേരിലും പ്രതിഷേധം ഉണ്ടാകും.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387509/thomas-isaac-rejects-vd-satheesan-kifb-controversy-kannur-land-acquisition)