---
title: "മുഖ്യമന്ത്രിക്കെതിരെ ഒരാൾ നിരന്തരം ആരോപണം ഉന്നയിക്കുകയാണെങ്കിൽ പിന്നിൽ ആരോ ഉണ്ട്; അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ"
english_title: "Thiruvananthapuram Chief Minister VD Satheesan Stand Congress Fight Intensifies UDF Convener Adoor Prakash"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387754/vd-satheesan-row-adoor-prakash-against-k-muraleedharan-attack-cmrl-case"
published_at: "2026-10-19T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5d9b15f10f_1000241282.jpg"
keywords: ["VD Satheesan Controversy", "Adoor Prakash K Muraleedharan", "CMRL Exalogic Case Government Stand Muraleedharan"]
---

# മുഖ്യമന്ത്രിക്കെതിരെ ഒരാൾ നിരന്തരം ആരോപണം ഉന്നയിക്കുകയാണെങ്കിൽ പിന്നിൽ ആരോ ഉണ്ട്; അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തി. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണ് കെ മുരളീധരൻ തുറന്നടിച്ചു. അതാര് എന്ന് താനിപ്പോൾ പറയുന്നില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തി. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണ് കെ മുരളീധരൻ തുറന്നടിച്ചു. അതാര് എന്ന് താനിപ്പോൾ പറയുന്നില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര എന്തിന്, ആർക്കൊപ്പമായിരുന്നു എന്ന് പറയാനുള്ള ചങ്കൂറ്റം അദ്ദേഹം കാണിക്കണം എന്നടക്കം സതീശനും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് അടൂർ പ്രകാശ് ഉന്നയിച്ചത്. ഇതോടെ പക്ഷം തിരിഞ്ഞുള്ള ആരോപണപ്രത്യാരോപണങ്ങളാണ് നടന്നത്. ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായി വിജയനെതിരെ കർശനനടപടി ഉണ്ടാകുമായിരുന്നുവെന്ന കെ. സുധാകരന്റെ പരാമർശത്തോടെ രൂക്ഷമായ ഭാഷയിലാണ് കെ. മുരളീധരൻ പ്രതികരിച്ചത്.

വന്ന് ടെസ്റ്റ് ചെയ്തു നോക്കണമെങ്കിൽ നോക്കാം എന്നായിരുന്നു മുരളീധരന്റെ മറുപടി. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ടെന്ന് കെ. മുരളീധരൻ തിരിച്ചടിച്ചു. അടൂർ പ്രകാശിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുരളീധരന്റെ വിമർശനം.

സിഎംആർഎൽ- എക്സാലോജിക് കേസിൽ സർക്കാർ ചെയ്തത് 101 ശതമാനം ശരിയാണെന്നും മുരളീധരൻ പറഞ്ഞു. ഇഡിയോട് ഒരു നിലപാട് ഉണ്ട് കോൺഗ്രസ് പാർട്ടിക്ക്. ഇഡി എന്തെങ്കിലും കേസ് കൊണ്ടുവന്നാൽ ഉടനെ കയറിയങ്ങ് ചാർജ് ചെയ്യാനാവില്ല. ഡൽഹിയിൽ ഒരു നയം കേരളത്തിൽ വേറെ ഒരു നയമല്ല ഇക്കാര്യത്തിൽ. എല്ലായിടത്തും ഇഡിയോട് ഒരേ സമീപനമാണ്.

ഇഡി രേഖാമൂലം പരാതി തന്നപ്പോൾ പ്രാഥമിക അന്വേഷണം നടത്താതെ കേസ് രജിസ്റ്റർ ചെയ്യേണ്ടയെന്നാണ് പാർട്ടി തീരുമാനിച്ചത്. ഹൈക്കോടതി കേസ് എടുക്കാൻ പറഞ്ഞപ്പോൾ സർക്കാർ കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യത്തിൽ പാർട്ടിയിലും സർക്കാരിലും ഭിന്നാഭിപ്രായമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387754/vd-satheesan-row-adoor-prakash-against-k-muraleedharan-attack-cmrl-case)