---
title: "അപകടകാരണം സാങ്കേതികപ്പിഴവല്ല; നെടുമ്പാശ്ശേരി വാഹനാപകടത്തിൽ സുഹൈലിന് കുരുക്കായി ആർടിഒ റിപ്പോർട്ട്"
english_title: "Nedumbassery Mini Cooper Accident MVD Report Suhail Driving Licence Suspension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387984/nedumbassery-mini-cooper-accident-mvd-report-suhail-driving-licence-suspension"
published_at: "2026-10-21T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad820d661df7_1000352806.jpg"
keywords: ["Suhail", "Nedumbassery"]
---

# അപകടകാരണം സാങ്കേതികപ്പിഴവല്ല; നെടുമ്പാശ്ശേരി വാഹനാപകടത്തിൽ സുഹൈലിന് കുരുക്കായി ആർടിഒ റിപ്പോർട്ട്

> **Lead Summary:** **കൊച്ചി**: നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ പ്രതി സുഹൈലിന് എംവിഡിയുടെ കുരുക്ക്. അപകടകാരണം സാങ്കേതികപ്പിഴവല്ലെന്ന് എംവിഡി റിപ്പോർട്ട് നൽകി. അങ്കമാലി ജോയിന്റ് ആർടിഒയ്ക്കാണ് റിപ്പോർട്ട് കൈമാറിയത്.

## Article Content

**കൊച്ചി**: നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ പ്രതി സുഹൈലിന് എംവിഡിയുടെ കുരുക്ക്. അപകടകാരണം സാങ്കേതികപ്പിഴവല്ലെന്ന് എംവിഡി റിപ്പോർട്ട് നൽകി. അങ്കമാലി ജോയിന്റ് ആർടിഒയ്ക്കാണ് റിപ്പോർട്ട് കൈമാറിയത്.

സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ എംവിഡി ആരംഭിച്ചിട്ടുണ്ട്. അപകടസമയത്ത് മിനി കൂപ്പറിന് യാതൊരുവിധ സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ജോയിന്റ് ആർടിഒ കോടതിക്ക് മുന്നിൽ എംവിഡി കൈമാറിയിരിക്കുന്നത്. റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ, അനലിറ്റിക്കൽ ലാബ് റിപ്പോർട്ട് പ്രകാരം, ഒരാൾ സാധാരണ മദ്യപിക്കുന്നതിന്റെ അഞ്ചിരട്ടി മദ്യം സുഹൈൽ ആ സമയത്ത് സേവിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, കേസിൽ അന്വേഷണം പൂർത്തിയാക്കി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണ് പോലീസ്. നിലവിൽ അന്വേഷണസംഘം കാറിന്റെ ഇഡിആർ ഫലത്തിനായി കാത്തിരിക്കുകയാണ്. മുഖ്യപ്രതി സുഹൈൽ സജീവിന്റെ മാതാവ് നോഹ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. നോഹ സജീവാണ് കാറിന്റെ ആർസി ഉടമ. കഴിഞ്ഞ ദിവസം ഇവരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് ഒഴിവാകുകയായിരുന്നു.

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387984/nedumbassery-mini-cooper-accident-mvd-report-suhail-driving-licence-suspension)