---
title: "എസ്ബിഐ ഡാറ്റാ ചോർന്നു: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ"
english_title: "Delhi SBI Customers Personal Information Leaked 3897 Customer Records Dark Web Found Customers Name"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388083/sbi-data-leak-3897-customer-records-dark-web-cyber-investigation"
published_at: "2026-10-21T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8a7e170d5a_1000241706.jpg"
keywords: ["SBI Data Leak Customer Records  Dark Web Breach", "Siriusim Hacker Group", "Breach Forums CERT-In Warning"]
---

# എസ്ബിഐ ഡാറ്റാ ചോർന്നു: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ

> **Lead Summary:** **ഡൽഹി: **എസ്ബിഐയിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു. 3,897 ഉപഭോക്തൃ രേഖകൾ ഡാർക്ക് വെബിൽ കണ്ടെത്തി. ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പർ, ജനനത്തീയതി, ഇ-മെയിൽ, വിലാസം തുടങ്ങിയ വിവരങ്ങൾ ചോർന്നതായാണ് കണ്ടെത്തൽ. സംഭവത്തിൽ എസ്ബിഐ സൈബർ സുരക്ഷാ അന്വേഷണം ആരംഭിച്ചു.

## Article Content

**ഡൽഹി: **എസ്ബിഐയിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു. 3,897 ഉപഭോക്തൃ രേഖകൾ ഡാർക്ക് വെബിൽ കണ്ടെത്തി. ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പർ, ജനനത്തീയതി, ഇ-മെയിൽ, വിലാസം തുടങ്ങിയ വിവരങ്ങൾ ചോർന്നതായാണ് കണ്ടെത്തൽ. സംഭവത്തിൽ എസ്ബിഐ സൈബർ സുരക്ഷാ അന്വേഷണം ആരംഭിച്ചു.

ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എസ്ബിഐ വിശദീകരണം. ഉപഭോക്തൃ തിരിച്ചറിയൽ നമ്പറുകളും വായ്പാ അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തായതായി വിവരം.

ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നേക്കാം എന്നത് സംബന്ധിച്ച് ത്രെട്ട് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) എന്നിവയിൽ നിന്ന് ഒക്ടോബർ 16-ന് തങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി എസ്ബിഐ അറിയിച്ചു.

ബ്രാഞ്ച്, ഉപഭോക്തൃ വിവര ഫയൽ ഐഡന്റിഫയറുകൾ, ലീഡ് ഐഡി, കൂടാതെ വായ്പ, ലീഡ് രേഖകളുമായും മറ്റ് അനുബന്ധ ഫയലുകളുമായും ബന്ധപ്പെട്ട മെറ്റാഡാറ്റ എന്നിവയും ചോർന്നതിൽ ഉൾപ്പെടുന്നു.

കണ്ടെത്തിയ 3,897 ഉപഭോക്തൃ രേഖകളെക്കുറിച്ചുള്ള അന്വേഷണം തുടരുന്ന സാഹചര്യത്തിൽ, കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് അറിയിച്ചു.

‘സിറിയസിം’ എന്ന ഒരു അജ്ഞാത ഹാക്കർ സംഘം, 3.75 ലക്ഷം എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് ‘ബ്രീച്ച് ഫോറംസ്’ എന്ന ഡാർക്ക് വെബ് ഫോറത്തിൽ അവകാശപ്പെട്ടതായി ‘ഇന്ത്യ ടുഡേ ടെക്’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ സംഭവത്തിന് പിന്നിലുള്ള ഹാക്കർ സംഘം ഏതാണെന്ന് എസ്ബിഐ വെളിപ്പെടുത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388083/sbi-data-leak-3897-customer-records-dark-web-cyber-investigation)