---
title: "മഴ കനക്കുന്നു; ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കള്ളക്കടൽ മുന്നറിയിപ്പ്"
english_title: "Heavy Rain Alert Kerala Orange Alert In Nine Districts Today Kalla Kadal Warning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388284/heavy-rain-alert-kerala-orange-alert-in-nine-districts-today-kalla-kadal-warning"
published_at: "2026-10-23T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adadb649dc34_images_(1).jpeg"
keywords: ["Thiruvananthapuram", "Rain"]
---

# മഴ കനക്കുന്നു; ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കള്ളക്കടൽ മുന്നറിയിപ്പ്

> **Lead Summary:** **കണ്ണൂർ**: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ടുള്ളത്.

## Article Content

**കണ്ണൂർ**: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ടുള്ളത്.

മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് ആയിരിക്കും. അടുത്ത മൂന്ന് ദിവസങ്ങളിലും മഴ കനക്കുമെന്നാണ് പ്രവചനം. നാളെ 10 ജില്ലകളിലും ഞായറാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്.

കോഴിക്കോട് മലയോരമേഖലയിൽ കനത്ത മഴ തുടരുകയാണ്. താമരശ്ശേരി ചക്കിക്കാവ് വെള്ളച്ചാലിൽ റോഡ് ഇടിഞ്ഞുതാണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി കുടുക്കിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.

കോഴിക്കോടും ഇടുക്കിയിലും ക്വാറി പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ തെക്കൻ തമിഴ്‌നാട് തീരത്തോട് ചേർന്ന് ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും ഇന്ന് ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയുടെ തീവ്രത വർധിക്കാനാണ് സാധ്യത.

ഇന്നലെ വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനെത്തുടർന്ന് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ തീരമേഖലയിൽ കള്ളക്കടൽ ജാഗ്രതാ നിർദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും കടൽക്ഷോഭ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത തുടരണമെന്നാണ് നിർദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388284/heavy-rain-alert-kerala-orange-alert-in-nine-districts-today-kalla-kadal-warning)