---
title: "ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ കർശനമാക്കാൻ കേന്ദ്രം; ആരോഗ്യവിവരങ്ങളും ഇനി നിർബന്ധം"
english_title: "Central Government To Tighten Driving License Rules Health Details Mandatory"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388731/central-government-to-tighten-driving-license-rules-health-details-mandatory"
published_at: "2026-10-26T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adea49be3fd1_1000364136.jpg"
keywords: ["Thiruvananthapuram", "Drivinglicence"]
---

# ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ കർശനമാക്കാൻ കേന്ദ്രം; ആരോഗ്യവിവരങ്ങളും ഇനി നിർബന്ധം

> **Lead Summary:** **ന്യൂഡൽഹി**: ഡ്രൈവിങ് ലൈസൻസിനുള്ള ചട്ടങ്ങളിൽ സമഗ്രമാറ്റങ്ങൾ നിർദേശിച്ച് കേന്ദ്രം. മോട്ടോർ വാഹന ചട്ട ഭേദഗതിയുടെ കരട് പുറത്തിറക്കി. ലേണേഴ്സ് പരീക്ഷ ജയിക്കാൻ വേണ്ട മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തും.

## Article Content

**ന്യൂഡൽഹി**: ഡ്രൈവിങ് ലൈസൻസിനുള്ള ചട്ടങ്ങളിൽ സമഗ്രമാറ്റങ്ങൾ നിർദേശിച്ച് കേന്ദ്രം. മോട്ടോർ വാഹന ചട്ട ഭേദഗതിയുടെ കരട് പുറത്തിറക്കി. ലേണേഴ്സ് പരീക്ഷ ജയിക്കാൻ വേണ്ട മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തും.

അപേക്ഷ നൽകി 15 ദിവസത്തിനകം റോഡ് സുരക്ഷ സംബന്ധിച്ച ക്ലാസിൽ പങ്കെടുക്കണം എന്നും വ്യവസ്ഥയുണ്ട്. അപേക്ഷകരുടെ ആരോഗ്യവിവരങ്ങളും അപേക്ഷയുടെ ഭാഗമാക്കും. അപസ്മാരമുണ്ടോ, അതിനുള്ള മരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ചോദിക്കും. അതെ എന്നാണ് ഉത്തരമെങ്കിൽ ലൈസൻസ് ലഭിക്കില്ല. കാഴ്ചക്കുറവ്, രാത്രി കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കേൾവിക്കുറവ്, കൈകാലുകളുടെ പ്രവർത്തന പരിമിതി തുടങ്ങിയവയും വെളിപ്പെടുത്തണം.

മരുന്നുകളോട് അലർജിയുണ്ടോ, ശരീരത്തിൽ ഇംപ്ലാന്റുകളുണ്ടോ, മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നീ വിവരങ്ങളും തേടും. രക്തഗ്രൂപ്പ്, അവയവദാന സന്നദ്ധത, അടിയന്തരമായി ബന്ധപ്പെടേണ്ട വ്യക്തിയുടെ പേര്, ഫോൺ നമ്പർ എന്നിവയും ലൈസൻസിൽ ഉൾപ്പെടുത്താൻ നിർദേശമുണ്ട്.

സ്മാർട്ട് കാർഡിന് പകരം പിവിസി / ലാമിനേറ്റഡ് കാർഡിലേക്ക് ലൈസൻസ് മാറും. ക്യുആർ കോഡിലൂടെ വിവരങ്ങൾ പരിശോധിക്കാം. പേര്, വിലാസം തിരുത്താനുള്ള നടപടികൾ ലളിതമാക്കും. വിലാസം മാറ്റാനുള്ള അപേക്ഷ 30 ദിവസത്തിനകം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ലെങ്കിൽ അംഗീകരിച്ചതായി കണക്കാക്കും.

കരട് ചട്ടങ്ങളെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും comments-morth@gov.in എന്ന ഇമെയിലിലൂടെയോ നേരിട്ടോ 30 ദിവസത്തിനകം ഗതാഗത മന്ത്രാലയത്തെ അറിയിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388731/central-government-to-tighten-driving-license-rules-health-details-mandatory)