---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം: മികച്ച സേവനത്തിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സദ്സേവന പുരസ്‌കാരം"
english_title: "Kottiyoor Festival: Transport Commissioner's Good Service Award for MVD Officers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389045/kottiyoor-festival-mvd-officers-win-transport-commissioner-good-service-award"
published_at: "2026-10-27T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0d71f7d26f_KOTTIYOOR_POLICE.jpg"
keywords: ["Kottiyoor Maholsavam", "Kannur News", "Kottiyoor News", "Road Safety Kerala"]
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം: മികച്ച സേവനത്തിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സദ്സേവന പുരസ്‌കാരം

> **Lead Summary:** കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച മോട്ടോർ വാഹന വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സദ്സേവന പുരസ്‌കാരം ലഭിച്ചു. വൈശാഖ മഹോത്സവ സ്പെഷ്യൽ സ്ക്വാഡിൽ സേവനമനുഷ്ഠിച്ച കെ.പി. ഷാജൻ, വി.ആർ. ഷനിൽ കുമാർ, കെ.വി. അഖിൽ, പി.എ. ജിതിൻ, പി. ധനേഷ് എന്നിവർക്കാണ് ഈ അഭിമാന പുരസ്‌കാരം ലഭിച്ചത്.

## Article Content

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച മോട്ടോർ വാഹന വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സദ്സേവന പുരസ്‌കാരം ലഭിച്ചു. വൈശാഖ മഹോത്സവ സ്പെഷ്യൽ സ്ക്വാഡിൽ സേവനമനുഷ്ഠിച്ച കെ.പി. ഷാജൻ, വി.ആർ. ഷനിൽ കുമാർ, കെ.വി. അഖിൽ, പി.എ. ജിതിൻ, പി. ധനേഷ് എന്നിവർക്കാണ് ഈ അഭിമാന പുരസ്‌കാരം ലഭിച്ചത്.

അൻപത് ലക്ഷത്തിലധികം ഭക്തജനങ്ങൾ എത്തിയ മഹോത്സവകാലത്ത് പോലീസുമായി സഹകരിച്ച് കുറ്റമറ്റ ഗതാഗത ക്രമീകരണങ്ങളാണ് സ്പെഷ്യൽ സ്ക്വാഡ് ഒരുക്കിയത്. കാര്യക്ഷമമായ ഈ ഇടപെടലുകൾ വഴി വാഹനാപകടങ്ങളോ അപകടമരണങ്ങളോ ഇല്ലാതെ തീർത്ഥാടന കാലം പൂർണ്ണമായും സുഗമമാക്കാൻ സ്ക്വാഡിന് സാധിച്ചു.

യാത്രാവേളയിൽ വാഹനങ്ങൾ കേടായി വഴിയിൽ കുടുങ്ങുന്നത് ഒഴിവാക്കാനായി വെർച്വൽ ബ്രേക്ക്ഡൗൺ അസിസ്റ്റൻസ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നു. പാതയോരങ്ങളിൽ കൺട്രോൾ റൂം നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിച്ചതിലൂടെ യന്ത്രത്തകരാറിലായ 300-ലധികം വാഹനങ്ങൾക്ക് അതിവേഗം സഹായമെത്തിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. കൂടാതെ മലയാളം, ഇംഗ്ലീഷ്, കന്നഡ ഭാഷകളിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർക്ക് വലിയ ആശ്വാസമായി മാറി.

പരിശോധനകൾക്കിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് മതിയായ രജിസ്ട്രേഷൻ രേഖകളില്ലാതെ കർണാടകയിൽ നിന്നെത്തിയ ആഡംബര വാൻ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിച്ചു. ചെക്ക് പോസ്റ്റുകൾ വെട്ടിച്ച് നികുതി വെട്ടിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന വാഹനങ്ങളിൽ നിന്നായി 12,67,410 രൂപയാണ് പിഴയായും നികുതിയായും സ്ക്വാഡ് ഈടാക്കിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്ത ഈ പ്രവർത്തന മികവ് പരിഗണിച്ചാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പുരസ്‌കാരം ഉദ്യോഗസ്ഥരെ തേടിയെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389045/kottiyoor-festival-mvd-officers-win-transport-commissioner-good-service-award)