---
title: "നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെന്നതിന് തെളിവുണ്ടെന്ന് കോടതി"
english_title: "Nedumbassery Accident Court Says Prima Facie Evidence Against Suhail For Drunk And Rash Driving"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389210/nedumbassery-accident-court-says-prima-facie-evidence-against-suhail-for-drunk-and-rash-driving"
published_at: "2026-10-29T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2978695097_1000368036.jpg"
keywords: ["Nedumbassery Accident", "Suhail Sajeev", "Ernakulam Court"]
---

# നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെന്നതിന് തെളിവുണ്ടെന്ന് കോടതി

> **Lead Summary:** **കൊച്ചി**: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളെന്ന് കോടതി.

## Article Content

**കൊച്ചി**: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളെന്ന് കോടതി.

പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് പുറത്ത് വന്നു. സുഹൈൽ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെന്ന വാദത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന പോലീസ് വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിക്കാൻ മറ്റ് പ്രതികൾ സുഹൈലിനെ പ്രേരിപ്പിച്ചതിനും തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. സുഹൈൽ സജീവ്, കാറിൽ ഒപ്പമുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സുഹൈൽ സ്ഥിരമായി അമിതവേഗതയിൽ വാഹനമോടിക്കുന്ന ആളാണെന്നും ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പോലീസ് നിലപാടും കോടതി ശരിവെച്ചു.

അപകടം നടന്നതിന്റെ പിറ്റേന്ന് മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച വാട്ട്സ്ആപ്പ് ശബ്ദരേഖ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. സുഹൈൽ നന്നായി മദ്യപിച്ചിരുന്നതായും അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്നും മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ശബ്ദരേഖയിൽ ഉണ്ടായിരുന്നു. ഇതടക്കം പരിശോധിച്ചാണ് ജാമ്യഹർജി തള്ളിയത്.

എഫ്ഐആറിൽ പ്രതികളുടെ പേര് പറയുന്നില്ലെന്നും തെളിവില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389210/nedumbassery-accident-court-says-prima-facie-evidence-against-suhail-for-drunk-and-rash-driving)