---
title: "വാഹന നികുതി കുടിശ്ശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്"
english_title: "Kerala Motor Vehicle Tax One Time Settlement Scheme Announced For Tax Defaulters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389238/"
published_at: "2026-10-29T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2d249e7f78_1000369437.jpg"
keywords: ["Motor Vehicle Tax", "One Time Settlement", "Kerala"]
---

# വാഹന നികുതി കുടിശ്ശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്

> **Lead Summary:** **കൊച്ചി**: ദീർഘകാലമായി മോട്ടോർ വാഹന നികുതി അടയ്ക്കാൻ സാധിക്കാത്ത ഉടമകൾക്കായി കേരള സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (വൺ ടൈം സെറ്റിൽമെന്റ്) നടപ്പിലാക്കുന്നു. 2022 മാർച്ച് 31-ന് ശേഷം ടാക്സ് അടയ്ക്കാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

## Article Content

**കൊച്ചി**: ദീർഘകാലമായി മോട്ടോർ വാഹന നികുതി അടയ്ക്കാൻ സാധിക്കാത്ത ഉടമകൾക്കായി കേരള സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (വൺ ടൈം സെറ്റിൽമെന്റ്) നടപ്പിലാക്കുന്നു. 2022 മാർച്ച് 31-ന് ശേഷം ടാക്സ് അടയ്ക്കാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പദ്ധതി പ്രകാരം നാല് വർഷത്തിൽ കൂടുതലായി എത്ര കാലത്തെ കുടിശ്ശിക ഉണ്ടെങ്കിലും നാല് വർഷത്തെ (2022 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ) നികുതിയുടെ നിശ്ചിത ശതമാനം മാത്രം അടച്ചാൽ മതിയാകും. നോൺ ട്രാൻസ്പോർട്ട് (സ്വകാര്യ) വാഹനങ്ങൾക്ക് നാല് വർഷത്തെ കുടിശ്ശികയുടെ 40 ശതമാനവും ട്രാൻസ്പോർട്ട് (വാണിജ്യ) വാഹനങ്ങൾക്ക് 30 ശതമാനവുമാണ് അടയ്ക്കേണ്ടത്.

2027 മാർച്ച് 31 വരെ ഈ സൗകര്യം ലഭ്യമായിരിക്കും. പദ്ധതി പ്രയോജനപ്പെടുത്തുന്നവരെ ഗ്രീൻ ടാക്സിൽ നിന്നും ക്ഷേമനിധി രസീത് ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ടതോ പൊളിച്ചുമാറ്റിയതോ ആയ വാഹനങ്ങൾക്ക് മതിയായ രേഖകൾ സമർപ്പിച്ചാൽ നികുതി ഇളവ് ലഭിക്കും. റവന്യൂ റിക്കവറി നേരിടുന്നവർക്കും നികുതിക്കൊപ്പം കളക്ഷൻ ചാർജ് അടച്ച് പദ്ധതിയിൽ പങ്കാളികളാകാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389238/)