---
title: "വീണാ ജോർജിനെതിരായ അക്രമം; കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചില്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട്"
english_title: "Veena George Attack Case KSU Did Not Attack SIT Report Submitted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389723/veena-george-attack-ksu-did-not-attack-sit-report"
published_at: "2026-11-01T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6ce68ee5a0_1000374410.jpg"
keywords: ["Veena George", "KSU", "SIT Report"]
---

# വീണാ ജോർജിനെതിരായ അക്രമം; കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചില്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട്

> **Lead Summary:** **കണ്ണൂർ** റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകരുടെ സമരത്തിനിടെ മന്ത്രിയായിരുന്ന വീണാ ജോർജിനെ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. കെഎസ്‍യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻ പോലും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്.

## Article Content

**കണ്ണൂർ** റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകരുടെ സമരത്തിനിടെ മന്ത്രിയായിരുന്ന വീണാ ജോർജിനെ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. കെഎസ്‍യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻ പോലും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്.

കരിങ്കൊടി കാണിച്ച സംഭവം വീണാ ജോർജും ഗൺമാനും പെരുപ്പിച്ചു കാണിച്ച രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൺമാനെതിരായ നടപടി ഡിജിപിയുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്ന് റിപ്പോർട്ടിലുണ്ട്. വീണാ ജോർജിന്റെ പേരിലും ഗൺമാന്റെ പേരിലും കോൺഗ്രസ് നൽകിയ പരാതിയിൽ ക്രിമിനൽ നടപടിക്രമങ്ങൾ നടക്കുന്നതിനാൽ അന്വേഷണസംഘം ആ രീതിയിലുള്ള ശുപാർശ നൽകിയില്ല.

കരിങ്കൊടി പ്രതിഷേധം മാത്രമാണ് ഉണ്ടായത്. ആക്രമിച്ചെന്ന ക്രിമിനൽ കേസ് ഗൺമാൻ മൊഴി മാറ്റിയതോടെ നിലനിൽക്കില്ല. മന്ത്രിക്ക് നേരെ കരിങ്കൊടിയുമായി എത്തിയ കെഎസ്‍യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മന്ത്രിയും ഇതിനിടയിൽപ്പെട്ടു. ഇതിനിടെയാണ് മന്ത്രിക്ക് കഴുത്തിന് വേദന ഉണ്ടായത്. സംഭവത്തിന് ശേഷം മൂന്നാം പ്ലാറ്റ്ഫോമിലേക്ക് നടന്നുപോകുകയും ചെയ്തു.

വീണാ ജോർജിനെ ചികിത്സിച്ച പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. പുറത്ത് യാതൊരു പരിക്കും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎസ്‍യു പ്രവർത്തകർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്ഐടിക്ക് കണ്ടുപിടിക്കാനായില്ല. ആക്രമിച്ച ആയുധങ്ങൾ ഇതുവരെ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എസ്ഐടി തലവൻ കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് തുടരന്വേഷണം നടത്തിയത്.

സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന ആദ്യ മൊഴി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നൽകിയതെന്ന് മുൻ ഗൺമാൻ അഭിലാഷ് മൊഴി നൽകിയിരുന്നു. സമരക്കാർ തന്നെ വധിക്കാൻ ശ്രമിച്ചിട്ടില്ല, ആക്രമണം നേരിട്ട് കണ്ടില്ലെന്നുമാണ് മൊഴി നൽകിയത്. ഇത് കേസിൽ പ്രധാന വഴിത്തിരിവായി.

റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുൻ കണ്ണൂർ ടൗൺ എസ്ഐ വി.വി. ദീപ്തി തന്റെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത് കള്ളമൊഴിയാണെന്നും കെഎസ്‍യു അക്രമത്തിനിടെ മന്ത്രി തെറിച്ചുപോയി എന്ന് അന്വേഷണ സംഘം വ്യാജമായി എഴുതിച്ചേർത്തതാണെന്നും ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടേയില്ലെന്നും മൊഴി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389723/veena-george-attack-ksu-did-not-attack-sit-report)