---
title: "പുരളിമല മുത്തപ്പൻ മടപ്പുരക്കെതിരെ വ്യാജ കുപ്രചരണങ്ങൾ; ദളിത് പീഡന ആരോപണം വാസ്തവവിരുദ്ധമെന്ന് സംരക്ഷണ സമിതി"
english_title: "False Propaganda Against Puralimala Muthappan Madappura: Samrakshana Samithi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390098/puralimala-muthappan-madappura-false-allegations-samrakshana-samithi-clarification"
published_at: "2026-11-03T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea06e8ab151_WhatsApp_Image_2026-11-03_at_20.36.06.jpeg"
keywords: ["Puralimala Madappura", "Muthappan Madappura Peravoor", "Melmuringodi Temple News", "Peravoor News"]
---

# പുരളിമല മുത്തപ്പൻ മടപ്പുരക്കെതിരെ വ്യാജ കുപ്രചരണങ്ങൾ; ദളിത് പീഡന ആരോപണം വാസ്തവവിരുദ്ധമെന്ന് സംരക്ഷണ സമിതി

> **Lead Summary:** പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളിലും അച്ചടക്ക നടപടികളിലും യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് ചില വ്യക്തികൾ സംഘടിതമായി വ്യാജ കുപ്രചരണങ്ങൾ നടത്തുകയാണെന്ന് മടപ്പുര സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

## Article Content

പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളിലും അച്ചടക്ക നടപടികളിലും യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് ചില വ്യക്തികൾ സംഘടിതമായി വ്യാജ കുപ്രചരണങ്ങൾ നടത്തുകയാണെന്ന് മടപ്പുര സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മടപ്പുരയിലെ വാദ്യക്കാരനായിരുന്ന അനിരുദ്ധൻ അച്ചടക്കത്തിനും പെരുമാറ്റച്ചട്ടങ്ങൾക്കും നിരക്കാത്ത പ്രവർത്തനങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് വിശദീകരണം തേടി നോട്ടീസ് നൽകിയത്. മറുപടി വസ്തുതാവിരുദ്ധവും തെറ്റുകൾ നിഷേധിക്കുന്നതുമായിരുന്നുവെങ്കിലും തെറ്റ് തിരുത്താൻ വീണ്ടും അവസരം നൽകി. എന്നാൽ തിരുത്താൻ തയാറാകാത്തതിനാലാണ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ഉത്തരവ് ലംഘിച്ച് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും കമ്മിറ്റിയുടെ ശക്തമായ നിലപാട് മൂലം അദ്ദേഹത്തിന് മാറിനിൽക്കേണ്ടി വരികയായിരുന്നു.

തുടർന്ന് കമ്മിറ്റിക്കെതിരെ വ്യാജമായി 'ദളിത് പീഡന ആരോപണം' ഉയർത്തി ദുഷ്പ്രചാരണം നടത്താനാണ് ചിലർ ശ്രമിച്ചത്. നിലവിൽ മടപ്പുരയിൽ പൂജകളും കർമ്മങ്ങളും നിർവ്വഹിക്കുന്നത് ഇതേ വിഭാഗത്തിൽപ്പെട്ട ജീവനക്കാർ തന്നെയാണ്. ഗുരുതരമായ അച്ചടക്കലംഘനത്തിനെതിരായ സ്വാഭാവിക നടപടിയെ, മുൻപ് പല കാരണങ്ങളാൽ മാറിപ്പോയവരെക്കൂടി കൂട്ടുപിടിച്ച് ജാതീയമായ പീഡനമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

സസ്‌പെൻഷൻ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അനിരുദ്ധന് പകരം മേളം നിർവ്വഹിച്ച വ്യക്തികൾ കോട്ടയം കിഴക്കേ കോവിലകത്തുനിന്നും ലഭിച്ച 'തരക്' ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയും കോടതി തൽസ്ഥിതി തുടരാൻ ഉത്തരവിടുകയും ചെയ്തു. ഈ നിയമപരമായ ഉത്തരവ് നിലനിൽക്കുന്നതിനാലാണ് സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ ഉടൻ തിരിച്ചെടുക്കാൻ സാധിക്കാതിരുന്നത്. തുടർന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയനുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ തിരിച്ചെടുക്കാൻ ധാരണയായെങ്കിലും പെരുമാറ്റച്ചട്ടം അംഗീകരിക്കാൻ അനിരുദ്ധൻ തയാറായില്ല. പിന്നീട് പേരാവൂർ ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെടുക്കാൻ വ്യവസ്ഥയുണ്ടാക്കിയെങ്കിലും, അത് പാലിക്കാതെ മടപ്പുരക്കെതിരെ കുപ്രചരണങ്ങൾ തുടരുകയും സമരത്തിന് മുതിരുകയുമാണ് ചെയ്തത്.

നിലവിലെ കമ്മിറ്റി ചുമതലയേറ്റെടുത്ത ശേഷം ജീവനക്കാർ ആവശ്യപ്പെടാതെ തന്നെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നാലുതവണ വേതന വർദ്ധനവ് നടപ്പിലാക്കിയിരുന്നു. വർഷങ്ങളായി വരുമാന വർദ്ധനവില്ലാതിരുന്ന അവസ്ഥയ്ക്കാണ് പുതിയ കമ്മിറ്റി പരിഹാരം കണ്ടത്. സ്ഥാപനത്തിന്റെ കെട്ടുറപ്പിന് അച്ചടക്കം അനിവാര്യമാണെന്നും ഭക്തജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും മടപ്പുര സംരക്ഷണ സമിതി ഭാരവാഹികളായ കെ.കെ. മോഹൻദാസ്, എൻ.വി. ജനാർദ്ദനൻ, എം. ഭാസ്കരൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390098/puralimala-muthappan-madappura-false-allegations-samrakshana-samithi-clarification)