---
title: "വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "Thiruvananthapuram Varkala Vatta Fish Eating Critical Condition Youth Died Varkala Native Sudheer 40 Died Last Month 30 Health Condition Bad Sudheer Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390196/varkala-vatta-fish-eating-discomfort-treatment-youth-sudheer-died-thiruvananthapuram-medical-college-vettoor"
published_at: "2026-11-04T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeafec350cd0_1000244102.jpg"
keywords: ["Varkala Vatta Fish", "Youth Died", "Vettoor Fish Sale Stopped"]
---

# വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വർക്കല സ്വദേശി സുധീർ ആണ് മരിച്ചത്. കഴിഞ്ഞ മാസം 30നാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

**തിരുവനന്തപുരം: **വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വർക്കല സ്വദേശി സുധീർ ആണ് മരിച്ചത്. കഴിഞ്ഞ മാസം 30നാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം.

തിരുവനനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു സുധീറിനെ പ്രവേശിപ്പിച്ചിരുന്നത്. വറ്റ മത്സ്യം കഴിച്ച 27 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഗുരുതരാവസ്ഥയിലായ ചിലക്കൂർ സ്വദേശിയായ 17 കാരൻ ഹാഷിം പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനു പിന്നാലെ മത്സ്യത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. വെട്ടൂരിൽ വിറ്റ മത്സ്യം കഴിച്ചാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. പിന്നാലെ വെട്ടൂരിൽ വറ്റ മത്സ്യത്തിന്റെ വിൽപന നിർത്തിവച്ചിരുന്നു.

തീരദേശ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടർന്ന് വിപണിയിൽ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച ചിലർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മത്സ്യം വാങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും കർശന ജാഗ്രത പുലർത്തണമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390196/varkala-vatta-fish-eating-discomfort-treatment-youth-sudheer-died-thiruvananthapuram-medical-college-vettoor)