---
title: "‘വിദ്യാർഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് ആഗ്രഹം; സമരത്തോടല്ല, അക്രമത്തോടാണ് അസഹിഷ്ണുത’; റോജി എം ജോൺ"
english_title: "Kalady University Suspended Students Exam Writing Issue Stand Repeated Higher Education Minister Roji M John"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390335/kalady-university-suspended-students-exam-issue-roji-m-john-supreme-court-single-bench-attendance"
published_at: "2026-11-05T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec46719fe3b_1000244399.jpg"
keywords: ["Kalady University", "Supreme Court Single Bench", "Attendance 65 Percent"]
---

# ‘വിദ്യാർഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് ആഗ്രഹം; സമരത്തോടല്ല, അക്രമത്തോടാണ് അസഹിഷ്ണുത’; റോജി എം ജോൺ

> **Lead Summary:** **കാലടി : ** കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾ‌ക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ നിലപാട് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ. ‌വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാൽ വെല്ലുവിളിയുടെ സ്വഭാവത്തിലേക്ക് അവർ പോവുകയാണെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.

## Article Content

**കാലടി : ** കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾ‌ക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ നിലപാട് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ. ‌വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാൽ വെല്ലുവിളിയുടെ സ്വഭാവത്തിലേക്ക് അവർ പോവുകയാണെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.

വെല്ലുവിളിയുടെ സ്വഭാവത്തിൽ മുന്നോട്ടു പോകുമ്പോൾ അതൊക്കെ കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാർഥികൾ തിരിച്ചുവരണം, അവർ പഠനം തുടരണമെന്ന് തന്നെയാണ് ആഗ്രഹം. കാമ്പസിലല്ല എവിടെയായാലും സമരങ്ങളോട് വിയോജിപ്പില്ല. എന്നാൽ അക്രമത്തെ അംഗീകരിക്കില്ലെന്ന് മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.

സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്ന നടപടിയാണ് സുപ്രീംകോടതിയിൽ ഉണ്ടായത്. വിദ്യാർത്ഥികളുടെ ഹർജി ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി സിംഗിൾ ബെഞ്ചിലേക്ക് വിട്ടു. സിംഗിൾ ബെഞ്ച് വിഷയം അടിയന്തരമായി തീർപ്പാക്കണമെന്ന് നിർദേശം നൽകി.

വിദ്യാർത്ഥികളുടെ ഹാജർ നില സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചായിരിക്കും സിംഗിൾ ബെഞ്ച് തീരുമാനം എടുക്കുക. ഹർജികളിൽ വിദ്യാർത്ഥികൾ വിജയിച്ചാൽ വീണ്ടും പരീക്ഷ നടത്താമെന്ന് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിച്ചു.

വിദ്യാർത്ഥികൾക്ക് അനുകൂല ഉത്തരവ് ഉണ്ടായാല് അവരുടെ താല്പര്യം സംരക്ഷിക്കപ്പെടണം.അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം സർവകലാശാലയ്ക്കുണ്ട്.എന്നാൽ വിദ്യാർത്ഥികളുടെ കരിയർ അവസാനിക്കരുതെന്ന് എന്നും കോടതി നിരീക്ഷിച്ചു.

65 ശതമാനത്തിൽ അധികം ഹാജർ ഉണ്ടെന്നും ഹൈക്കോടതിയിൽ പ്രതീക്ഷയുണ്ടെന്നും വിദ്യാർഥികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390335/kalady-university-suspended-students-exam-issue-roji-m-john-supreme-court-single-bench-attendance)