---
title: "പെട്രോളിൽ 31% എഥനോൾ കണ്ടെത്തിയെന്ന കർണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികൾ; പരിശോധനയിൽ പിശകെന്ന് വാദം"
english_title: "Delhi Petrol 31 Percent Ethanol Found Karnataka Claim Rejected Public Sector Oil Companies Indian Oil Bharat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390646/petrol-31-percent-ethanol-karnataka-claim-rejected-oil-companies-indian-oil-bharat-hp-testing-error-rahul-gandhi-e20-fraud-modi"
published_at: "2026-11-07T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeef246422e2_1000244945.jpg"
keywords: ["Petrol 31 Percent", "Ethanol", "Karnataka", "Oil Companies"]
---

# പെട്രോളിൽ 31% എഥനോൾ കണ്ടെത്തിയെന്ന കർണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികൾ; പരിശോധനയിൽ പിശകെന്ന് വാദം

> **Lead Summary:** **ഡൽഹി: **പെട്രോളിൽ 31% എഥനോൾ കണ്ടെത്തിയെന്ന കർണാടകയുടെ വാദം തള്ളി പൊതുമേഖല എണ്ണ കമ്പനികൾ. ഇന്ത്യൻ ഓയിലും ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവുമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

## Article Content

**ഡൽഹി: **പെട്രോളിൽ 31% എഥനോൾ കണ്ടെത്തിയെന്ന കർണാടകയുടെ വാദം തള്ളി പൊതുമേഖല എണ്ണ കമ്പനികൾ. ഇന്ത്യൻ ഓയിലും ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവുമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

സാമ്പിൾ ശേഖരണത്തിലും പരിശോധനയിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് കമ്പനികളുടെ വാദം. അതിനിടെ രാജ്യത്ത് പെട്രോൾ കൊള്ള നടക്കുന്നുവെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് എത്തി.

കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള ലീഗൽ മെട്രോളജി വകുപ്പ് ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര, തുമകുരു, ദക്ഷിണ കന്നഡ ജില്ലകളിൽ നിന്ന് ശേഖരിച്ച പെട്രോളിൽ നിശ്ചിത 20% ത്തിൽ ഉയർന്ന അളവിൽ എത്തനോൾ അടങ്ങിയിട്ടുണ്ടെന്ന അവകാശവാദമാണ് കമ്പനികൾ തള്ളിയത്.

പരിശോധനയിൽ പിശകെന്നാണ് കമ്പനികളുടെ വാദം. കർണാടക ഒക്ടോബർ മാസത്തിൽ നടത്തിയ സാമ്പിളിങ്ങും ടെസ്റ്റിങ്ങും നിയമാനുസൃതം അല്ലെന്നും പുനഃ പരിശോധന വേണമെന്നും കമ്പനികൾ ആവശ്യപ്പെട്ടു. ഉയർന്ന അളവ് കണ്ടെത്തിയത് തേർഡ് പാർട്ടി ലാബുകളിൽ ആണെന്നാണ് മറ്റൊരു വാദം.

എന്നാൽ കർണാടക പൊതുമേഖല എണ്ണ കമ്പനികളുടെ ഇൻ ഹൗസ് ലാബുകളിൽ നൽകിയ സാമ്പിളുകളുടെ പരിശോധനാ ഫലത്തിൽ നിന്ന് എത്തനോൾ അളവ് വെളിപ്പെടുത്താത്തതിന്റെ കാരണം കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. പകരം 56 പരിശോധനകളിൽ 19 മുതൽ 21 ശതമാനം വരെ ആയിരുന്നുവെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നത്.

അതിനിടെ രാജ്യത്ത് ഇ 20 തട്ടിപ്പ് നടക്കുന്നുവെന്ന് രാഹുൽഗാന്ധി വിമർശിച്ചു. ജനങ്ങളിൽനിന്ന് പെട്രോൾ കൊള്ളയടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം പറയണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390646/petrol-31-percent-ethanol-karnataka-claim-rejected-oil-companies-indian-oil-bharat-hp-testing-error-rahul-gandhi-e20-fraud-modi)