---
title: "കണ്ണൂർ ജില്ലയിലെ പ്രധാന ജലസ്രോതസ്സായ വളപട്ടണം പുഴയിലും പരിസര പ്രദേശങ്ങളിലും ഗുരുതര   മലിനീകരണം"
english_title: "Kannur District Main Water Source Valapattanam River Surroundings Pollution Serious Finding Various Places Joint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390654/kannur-valapattanam-river-pollution-serious-pappinisseri-narath-parassinikadavu-water-samples-bacteria-ksss-p-dharman-encroachment"
published_at: "2026-11-07T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeefc58964f5_1000244970.jpg"
keywords: ["Valapattanam River", "Pollution", "Parassinikadavu", "Bacteria Encroachment"]
---

# കണ്ണൂർ ജില്ലയിലെ പ്രധാന ജലസ്രോതസ്സായ വളപട്ടണം പുഴയിലും പരിസര പ്രദേശങ്ങളിലും ഗുരുതര   മലിനീകരണം

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജില്ലയിലെ പ്രധാന ജലസ്രോതസ്സായ വളപട്ടണം പുഴയിലും പരിസര പ്രദേശങ്ങളിലും മലിനീകരണം ഗുരുതരമായ അവസ്ഥയിലെന്ന് കണ്ടെത്തൽ. വിവിധ സ്ഥലങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

## Article Content

**കണ്ണൂർ : **കണ്ണൂർ ജില്ലയിലെ പ്രധാന ജലസ്രോതസ്സായ വളപട്ടണം പുഴയിലും പരിസര പ്രദേശങ്ങളിലും മലിനീകരണം ഗുരുതരമായ അവസ്ഥയിലെന്ന് കണ്ടെത്തൽ. വിവിധ സ്ഥലങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ പുഴയും പുഴയോരങ്ങളും നശീകരിക്കപ്പെടുന്നു എന്ന് കാണിച്ച് കേരള നിയമസഭാ പരിസ്ഥിതി സമിതിക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ പി.ധർമ്മൻ നൽകിയ പരാതിയെ തുടർന്ന് വിവിധ വകുപ്പുകളോട് റിപ്പോർട്ട് ആവശ്യപ്പെടുകയും തുടർന്ന് ജില്ലാ മലിനീകരണ ബോർഡിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു.

പാപ്പിനിശ്ശേരി, നാറാത്ത്, പറശ്ശിനിക്കടവ് തുടങ്ങിയ പുഴയോര മേഖലകളിൽ നിന്ന് ശേഖരിച്ച ജലസാമ്പിളുകൾ പരിശോധിച്ചപ്പോൾ ബാക്ടീരിയയുടെയും രാസമാലിന്യങ്ങളുടെയും അളവ് വലിയ തോതിൽ ഉയർന്നതായി കണ്ടെത്തി. അതേസമയം ആന്തൂർ മുനിസിപ്പാലിറ്റി, മയ്യിൽ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഗുരുതരമായ മാലിന്യപ്രശ്നങ്ങൾ ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

പുഴയോരത്തോട് ചേർന്നുനിൽക്കുന്ന പല സ്ഥാപനങ്ങളും മലിനജലം നേരിട്ട് പൊതു ഓടകളിലേക്കും പുഴയിലേക്കും ഒഴുക്കിവിടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

തുരുത്തിയിലെ കണ്ടൽക്കാടുകളുള്ള ഭാഗങ്ങളിലെല്ലാം മാലിന്യം കൊണ്ടുവന്ന് തള്ളിയതായും, കണ്ടലുള്ള ഒരു ഭാഗം വെട്ടിയതായും കാണപ്പെട്ടു.

ചിറക്കൽ പഞ്ചായത്തിലെ കല്ല്കെട്ട് ചിറ, തൈക്കണ്ടിച്ചിറ, പത്തായച്ചിറ, ഉൾപ്പെടുന്ന വളപട്ടണം പുഴയോര ഭൂമിയിൽ സ്വകാര്യ വ്യക്തികൾ വ്യാപകമായി പുഴ പുറംമ്പോക്ക് ഭൂമി കൈയ്യേറിട്ടുണ്ട്. ബന്ധപ്പെട്ടവർ സത്വര നടപടി സ്വീകരിക്കണമെന്നും

വളപട്ടണംപുഴ സംരക്ഷണത്തിനായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ മേഖലാ പ്രസിഡണ്ട് പി ധർമ്മൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390654/kannur-valapattanam-river-pollution-serious-pappinisseri-narath-parassinikadavu-water-samples-bacteria-ksss-p-dharman-encroachment)