---
title: "സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു; ദിവസവും 10 പൈസ വീതം വർധിക്കുന്നു"
english_title: "Kerala Egg Price Soars Daily 10 Paise Increase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391135/kerala-egg-price-soars-daily-10-paise-increase"
published_at: "2026-11-11T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4089839528_1000390379.jpg"
keywords: ["Egg Price", "Kerala", "Poultry"]
---

# സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു; ദിവസവും 10 പൈസ വീതം വർധിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ആറര രൂപയായിരുന്ന മുട്ടയുടെ ചില്ലറ വില ഒരാഴ്ചയ്ക്കിടെ 8 മുതൽ 10 രൂപ വരെയിലേക്കെത്തി. നവംബർ തുടക്കം മുതൽ തന്നെ മുട്ടവില ക്രമമായി ഉയരുകയായിരുന്നു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ആറര രൂപയായിരുന്ന മുട്ടയുടെ ചില്ലറ വില ഒരാഴ്ചയ്ക്കിടെ 8 മുതൽ 10 രൂപ വരെയിലേക്കെത്തി. നവംബർ തുടക്കം മുതൽ തന്നെ മുട്ടവില ക്രമമായി ഉയരുകയായിരുന്നു.

നവംബർ ആദ്യം 6.10 രൂപയായിരുന്ന മൊത്തവ്യാപാര വില ഓരോ ദിവസവും പത്ത് പൈസ വീതം ഉയർന്നു. ഇതോടെ തട്ടുകടക്കാരും ഓംലറ്റ് പ്രേമികളും ബേക്കറി നടത്തുന്നവരും ഡയറ്റ്, ബോഡി ബിൽഡിങ് നോക്കുന്നവരുമെല്ലാം ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്. വരും ദിവസങ്ങളിൽ വീണ്ടും മുട്ടയുടെ വില കുതിച്ചുയരുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ.

മുട്ട വില ഉയരാൻ കാരണമായി കർഷകർ പറയുന്നത് കോഴിത്തീറ്റയുടെ വില വർധനവാണ്. നിലവിൽ കോഴിത്തീറ്റക്ക് മാർക്കറ്റ് വില 2,760 രൂപയാണ്. 1,800 മുതൽ 2,000 രൂപ വരെയായിരുന്ന കോഴിത്തീറ്റ വിലയാണ് ഈ ദിവസങ്ങളിൽ വർധിച്ചത്. കോഴിത്തീറ്റ ഉല്പാദിപ്പിക്കുന്നതിനുള്ള ചോളത്തിന്റെ ലഭ്യത കുറഞ്ഞതോടെ വില വർധനവിന് കാരണമായി വിലയിരുത്തുന്നത്.

ഇതോടെയാണ് മുട്ടയുടെ വിലയും വർധിച്ചത്. നാഷണൽ എഗ്ഗ് കോ-ഓർഡിനേഷൻ കമ്മിറ്റി നിർണ്ണയിക്കുന്ന വിലയിൽ കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ 60 പൈസയുടെ വർദ്ധനവാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 5.65 രൂപയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒരു രൂപയോളം വില കൂടിയത്. സാധാരണയായി ദീപാവലി മുതൽ ക്രിസ്മസ് വരെയുള്ള കാലയളവിൽ മുട്ടയ്ക്ക് വില വർദ്ധിക്കാറുണ്ടെങ്കിലും, ഇത്തവണ നേരത്തെ തന്നെ വില കുതിച്ചുയരുകയായിരുന്നു.

പെട്ടന്നുള്ള പ്രതിസന്ധിയുടെ അടിസ്ഥാന കാരണമാകുന്നത് വൻകിട കോർപ്പറേറ്റുകൾക്ക് എഥനോൾ നിർമാണത്തിനായി വൻതോതിൽ ചോളം മറിച്ചുവിൽക്കാൻ തുടങ്ങിയതാണ്. ചോളം ഇപ്പോൾ ഇന്ത്യയിലെ എഥനോൾ വ്യവസായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുക്കളിലൊന്നാണ്. 2022-23ൽ എഥനോൾ നിർമാണത്തിന് ഉപയോഗിച്ച ചോളം 8.3 ലക്ഷം ടണ്ണായിരുന്നു. 2024-25ൽ അത് 125.75 ലക്ഷം ടണ്ണായി ഉയർന്നു. രണ്ടുവർഷത്തിനിടെ 15 മടങ്ങിലധികം വർധനയാണുണ്ടായത്. കോഴിത്തീറ്റ ഉല്പാദിപ്പിക്കുന്നതിനുള്ള ചോളത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് കോഴിത്തീറ്റക്ക് വില കുത്തനെ കൂടിയത്. ഇത് കോഴിമുട്ടയുടെ വിലയേയും സ്വാധീനിച്ചു. ക്രിസ്മസ്-പുതുവത്സര സീസൺ അടുത്തതോടെ കേക്ക് നിർമാണത്തിനും കോഴിമുട്ട ആവശ്യമാണ്. ഇതിനായി കേരളത്തിലെ ബേക്കറികൾ നവംബർ അവസാനത്തോടെ വൻതോതിൽ മുട്ട മുൻകൂറായി സംഭരിച്ചു തുടങ്ങുന്നതോടെ വരും ദിവസങ്ങളിൽ മുട്ടവില ഇനിയും ഉയർന്നേക്കുമെന്നാണ് ഫാം ഉടമകളും വ്യാപാരികളും വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391135/kerala-egg-price-soars-daily-10-paise-increase)