---
title: "വൈദ്യുതി വാങ്ങാൻ ജിഎൻഎയുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "No Agreement With GNA For Power Purchase Says CM VD Satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391146/no-agreement-with-gna-for-power-purchase-says-cm-vd-satheesan"
published_at: "2026-11-11T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af411cc3f2de_images_(75).jpeg"
keywords: ["Power Purchase", "GNA", "CM VD Satheesan"]
---

# വൈദ്യുതി വാങ്ങാൻ ജിഎൻഎയുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം**: വൈദ്യുതി വാങ്ങാൻ ജിഎൻഎയുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇലക്ട്രിസിറ്റി ബോർഡ് കരാർ ഉണ്ടാക്കിയാലല്ലേ അതിൽ നിന്നും പിൻവാങ്ങാൻ കഴിയൂ. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് വാർത്തകൾ വരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

## Article Content

**തിരുവനന്തപുരം**: വൈദ്യുതി വാങ്ങാൻ ജിഎൻഎയുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇലക്ട്രിസിറ്റി ബോർഡ് കരാർ ഉണ്ടാക്കിയാലല്ലേ അതിൽ നിന്നും പിൻവാങ്ങാൻ കഴിയൂ. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് വാർത്തകൾ വരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

'വൈദ്യുതി മന്ത്രി അയച്ച ഫയൽ മുഖ്യമന്ത്രിയുടെ മുന്നിൽ വന്നപ്പോൾ രണ്ട് ഓപ്ഷൻ ആണ് ഉണ്ടായിരുന്നത്. 14.50 രൂപയ്ക്ക് വൈദ്യുതി നൽകുന്ന ഹിമാചലിന്റെ കരാറായിരുന്നു ഒന്ന്. 8.63/8.90 രൂപയ്ക്ക് വൈദ്യുതി നൽകുന്ന ജിഎൻഎ കരാർ ആയിരുന്നു മറ്റൊന്ന്. ഹിമാചലിന്റെ വൈദ്യുതി ഇതിനകം രാജസ്ഥാന് 15.50 രൂപയ്ക്ക് കൊടുത്തെന്ന് ആ ഫയലിൽ തന്നെയുണ്ടായിരുന്നു. പിന്നെ ജിഎൻഎ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. രണ്ടും താരതമ്യം ചെയ്താലും ജിഎൻഎ ആണ് മികച്ച ഓപ്ഷൻ എന്ന് മനസ്സിലായി. എന്നാൽ കരാർ ഉണ്ടാക്കിയിട്ടില്ല', മുഖ്യമന്ത്രി വിശദീകരിച്ചു.

ഇപ്പോൾ വൈദ്യുതി ആവശ്യമില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'ഇപ്പോൾ ആവശ്യമില്ല. എന്നാൽ അടുത്ത മാസങ്ങളിൽ ആവശ്യം വരും. പ്ലാനിംഗ് ഇല്ലാത്തതിനാലാണ് സംസ്ഥാനത്ത് പവർക്കട്ട് പോലും വന്നത്. വൈദ്യുതിക്ക് വിലകുറവുണ്ടാകുമ്പോൾ ദീർഘകാല കരാർ ഉണ്ടാക്കാത്തതാണ് കഴിഞ്ഞ സർക്കാർ ചെയ്ത കുറ്റകൃത്യം', മുഖ്യമന്ത്രി വിശദീകരിച്ചു.

'കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ദീർഘകാലം പവർക്കട്ട് ഉണ്ടാകുമെന്നാണ് ഫയലിൽ പറയുന്നത്. ഏത് മുഖ്യമന്ത്രിക്കും പേടിയാകില്ലേ. എന്നിട്ടും ഒപ്പിട്ടില്ല. പഠിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ സർക്കാർ പവർക്കട്ടിന് പരിഹാരം കാണും. ലോങ്‌ടേം കരാറിലും ഷോർട്ട്‌ടേം കരാറിലും ഏർപ്പെടും' എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

2030-31 ആവുമ്പോഴേക്കും വൈദ്യുതി ഉപഭോഗം വൻതോതിൽ കൂടും. ആവശ്യമുള്ളതിന്റെ 15% മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. കഴിഞ്ഞ 10 വർഷം എന്തെടുക്കുകയായിരുന്നു. കർണ്ണാടകയും തെലങ്കാനയും ഒരുപാട് മുന്നോട്ടുപോയി. സോളാറിലൂടെ വൈദ്യുതി ഉണ്ടാക്കി ബാറ്ററിയിലൂടെ അവരുടെ ഗ്രിഡിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ പാളിച്ചയാണ് പവർക്കട്ടിന് കാരണം. പ്ലാനിംഗോ ദീർഘകാല കരാറോ ഉണ്ടായിരുന്നില്ല. അല്ലാതെ പവർക്കട്ട് യുഡിഎഫ് ഉണ്ടാക്കിയതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391146/no-agreement-with-gna-for-power-purchase-says-cm-vd-satheesan)