---
title: "കുട്ടി 'വല്യേട്ടന്റെ' അസാമാന്യ ധൈര്യം; വീട്ടുമുറ്റത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മൂന്ന് കുരുന്നുകൾ.."
english_title: "Brave Boy Saves Three Kids from Stray Dog Attack Using Bicycle in Palloor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391711/brave-boy-saves-three-children-stray-dog-attack-bicycle-palloor-cctv"
published_at: "2026-11-15T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af962f17297e_A_News_photo_15.jpg"
keywords: []
---

# കുട്ടി 'വല്യേട്ടന്റെ' അസാമാന്യ ധൈര്യം; വീട്ടുമുറ്റത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മൂന്ന് കുരുന്നുകൾ..

> **Lead Summary:** പള്ളൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുരുന്നുകൾക്ക് നേരെ പാഞ്ഞടുത്ത തെരുവുനായയെ സൈക്കിൾ ഉപയോഗിച്ച് പ്രതിരോധിച്ച് 'വല്യേട്ടന്റെ' അസാമാന്യ ധൈര്യം. പള്ളൂർ ഇടയിൽപീടിക ഷെമി മഹലിലെ വീട്ടുമുറ്റത്താണ് നാടിനെ നടുക്കിയതും പിന്നീട് അഭിമാനത്തിലാഴ്ത്തിയതുമായ സംഭവം നടന്നത്.

## Article Content

പള്ളൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുരുന്നുകൾക്ക് നേരെ പാഞ്ഞടുത്ത തെരുവുനായയെ സൈക്കിൾ ഉപയോഗിച്ച് പ്രതിരോധിച്ച് 'വല്യേട്ടന്റെ' അസാമാന്യ ധൈര്യം. പള്ളൂർ ഇടയിൽപീടിക ഷെമി മഹലിലെ വീട്ടുമുറ്റത്താണ് നാടിനെ നടുക്കിയതും പിന്നീട് അഭിമാനത്തിലാഴ്ത്തിയതുമായ സംഭവം നടന്നത്.

വീട്ടുമുറ്റത്ത് സൈക്കിളിലിരുന്ന ജ്യേഷ്ഠനൊപ്പം മറ്റ് കുട്ടികളും ചേർന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി തെരുവുനായ കുട്ടികൾക്ക് നേരെ പാഞ്ഞടുത്തത്. നായയുടെ ആക്രമണോത്സുകമായ വരവ് കണ്ട് മറ്റ് കുട്ടികൾ ഭയന്ന് പരിഭ്രാന്തരായെങ്കിലും, ഒട്ടും പതറാതെ ജ്യേഷ്ഠൻ തന്റെ സൈക്കിൾ ഉപയോഗിച്ച് നായയെ പ്രതിരോധിക്കുകയായിരുന്നു. സൈക്കിൾ മുന്നിലേക്ക് നീക്കി നായയുടെ വഴി തടഞ്ഞുകൊണ്ട് സഹോദരങ്ങളെയും കൂട്ടുകാരെയും സുരക്ഷിതരാക്കാൻ കുട്ടി നടത്തിയ ശ്രമം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

സ്വന്തം സുരക്ഷ പോലും മറന്നുകൊണ്ടുള്ള ഈ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുരുന്നുകളാണ് തലനാരിഴയ്ക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് കുട്ടിയുടെ അസാമാന്യ ധൈര്യം ശ്രദ്ധ നേടിയത്. നായ കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്നതും, മനഃസാന്നിധ്യം കൈവിടാതെ സൈക്കിൾ മുന്നോട്ടുവെച്ച് ജ്യേഷ്ഠൻ അതിനെ തടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പ്രായത്തെ വെല്ലുന്ന ധൈര്യത്തോടെ കുരുന്നുകളുടെ രക്ഷകനായ കൊച്ചുമിടുക്കൻ ഇപ്പോൾ നാട്ടുകാരുടെയും സമൂഹമാധ്യമങ്ങളുടെയും നിറഞ്ഞ പ്രശംസ ഏറ്റുവാങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391711/brave-boy-saves-three-children-stray-dog-attack-bicycle-palloor-cctv)