---
title: "ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു"
english_title: "Deep Sea iishing Financial Aid Fishermen Groups Applications Invited Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391765/deep-sea-iishing-financial-aid-fishermen-groups-applications-invited-kannur"
published_at: "2026-11-16T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa4569597ba_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Deep Sea Fishing", "Fishermen", "Fisheries Department", "Kannur"]
---

# ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായി ചൂണ്ടയും വലയും അനുബന്ധ ഉപകരണങ്ങളും നൽകുന്ന 2026-27 വർഷത്തെ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഫിഷറീസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

## Article Content

**കണ്ണൂർ** : പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായി ചൂണ്ടയും വലയും അനുബന്ധ ഉപകരണങ്ങളും നൽകുന്ന 2026-27 വർഷത്തെ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഫിഷറീസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

അഞ്ച് മുതൽ പത്ത് വരെ അംഗങ്ങളുള്ള മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഗ്രൂപ്പിലെ അംഗങ്ങൾ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ (KFWFB) രജിസ്റ്റർ ചെയ്തവരായിരിക്കണം. ഓരോ അംഗത്തിനും ഫിഷർ ബയോമെട്രിക് കാർഡും ക്യുആർ കോഡ് പതിച്ച ആധാർ കാർഡും ഉണ്ടായിരിക്കണം. യാനത്തിന് സാധുവായ റിയൽ ക്രാഫ്റ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും മത്സ്യബന്ധന ലൈസൻസും സ്പെഷ്യൽ പെർമിറ്റ്, ആക്സസ് പാസ് അല്ലെങ്കിൽ എൽഒഎ എന്നിവയും നിർബന്ധമാണ്.

ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 75,000 രൂപ സർക്കാർ വിഹിതവും 25,000 രൂപ ഗുണഭോക്തൃ വിഹിതവും ആയിരിക്കും. ചൂണ്ട, നൂൽ, ലോങ് ലൈൻ, റീഫ് ലൈൻ, ഷാർക്ക് ലൈൻ, ട്രോൾ ലൈൻ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് സഹായം ലഭിക്കുക.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കണം. അപേക്ഷാഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയമായ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂരിൽ നിന്നും ബന്ധപ്പെട്ട മത്സ്യഭവനുകളിൽ നിന്നും ലഭിക്കും. നവംബർ 30ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0497 2731081 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391765/deep-sea-iishing-financial-aid-fishermen-groups-applications-invited-kannur)