---
title: "സംസ്ഥാനതല അണ്ടർ-19 വടംവലി ചാമ്പ്യൻഷിപ്പ് നവംബർ 20ന് ചന്ദനക്കാംപാറയിൽ"
english_title: "State Level Under 19 Tug of War Championship Nov 20 Chandanakampara Minister OR Kelu Adv Sajeev Joseph MLA Irikkur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391987/"
published_at: "2026-11-17T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc153d36e4e_1000247035.jpg"
keywords: ["state-under-19", "chandanakampara", "ministeror"]
---

# സംസ്ഥാനതല അണ്ടർ-19 വടംവലി ചാമ്പ്യൻഷിപ്പ് നവംബർ 20ന് ചന്ദനക്കാംപാറയിൽ

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനതല അണ്ടർ-19 വടംവലി ചാമ്പ്യൻഷിപ്പ് നവംബർ 20ന് ചന്ദനക്കാംപാറയിൽ നടക്കുമെന്ന് അഡ്വ. സജീവ് ജോസഫ് എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചന്ദനക്കാംപാറ ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഒമ്പത് മണിക്കാണ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം.

## Article Content

**കണ്ണൂർ: **സംസ്ഥാനതല അണ്ടർ-19 വടംവലി ചാമ്പ്യൻഷിപ്പ് നവംബർ 20ന് ചന്ദനക്കാംപാറയിൽ നടക്കുമെന്ന് അഡ്വ. സജീവ് ജോസഫ് എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചന്ദനക്കാംപാറ ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഒമ്പത് മണിക്കാണ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം.

സംസ്ഥാന വടംവലി അസോസിയേഷന്റെയും ദിശാദർശിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ചന്ദനക്കാംപാറയിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

കായിക വകുപ്പ് മന്ത്രി ഒ.ആർ. കേളു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രിയുടെ മലയോര മേഖലയിലേക്കുള്ള ആദ്യ സന്ദർശനം കൂടിയാണിത്. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന വടംവലി അസോസിയേഷൻ പ്രസിഡന്റ് അബിൻ വർക്കി സമ്മാനദാനം നിർവഹിക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള ആൺകുട്ടികൾ, പെൺകുട്ടികൾ, മിക്‌സഡ് എന്നീ മൂന്ന് വിഭാഗങ്ങളിലായി 500ഓളം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. ഓരോ ജില്ലയെയും പ്രതിനിധീകരിച്ച് മൂന്ന് ടീമുകളാണ് പങ്കെടുക്കുക.

കായികരംഗത്ത് സംസ്ഥാനത്തിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് ചന്ദനക്കാംപാറ. കായിക മേഖലയിലൂടെ മുന്നൂറോളം പേരെ സർക്കാർ സർവീസുകളിലേക്ക് എത്തിച്ച പ്രദേശം കൂടിയാണിത്.

ഇരിക്കൂർ നിയോജകമണ്ഡലത്തിൽ കായിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകി വരുംവർഷങ്ങളിൽ മികച്ച പദ്ധതികൾ ആവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായാണ് മണ്ഡലത്തിൽ ആദ്യമായി സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പിന് വേദി തെരഞ്ഞെടുത്തതെന്നും എംഎൽഎ അറിയിച്ചു.

പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ബെന്നി, സ്കൂൾ മാനേജർ ഫാ. അബ്രഹാം മഠത്തിമ്യാലിൽ, ഹൈസ്കൂൾ പ്രധാനാധ്യാപിക മഞ്ജു ജെയിംസ്, സംസ്ഥാന കോഡിനേറ്റർ ടി.പി അഷ്റഫ്, കമ്പവലി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി. നാരായണൻ കുട്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391987/)