---
title: "കുട്ടികൾ സ്വയം പ്രാപ്തി നേടണം - ജില്ലാ കലക്ടർ"
english_title: "Children Should become Self Capable District Collector P Vishnuraj Kalam Programme Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392204/children-should-become-self-capable-district-collector-p-vishnuraj-kalam-programme-kannur"
published_at: "2026-11-19T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe3f5b18e08_1000402720.jpg"
keywords: ["Kannur", "District Collector", "P Vishnuraj", "Kalam", "Students"]
---

# കുട്ടികൾ സ്വയം പ്രാപ്തി നേടണം - ജില്ലാ കലക്ടർ

> **Lead Summary:** **കണ്ണൂർ**: പഠനവേളയിൽ തന്നെ കുട്ടികൾ സ്വയം തീരുമാനമെടുക്കാനുള്ള പ്രാപ്തി നേടണമെന്ന് ജില്ലാ കലക്ടർ പി വിഷ്ണുരാജ് പറഞ്ഞു. കലക്ട്രേറ്റിൽ പ്രതിവാരം നടക്കുന്ന കളം സംവാദ പരിപാടിയിൽ നടുവിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെയും കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ**: പഠനവേളയിൽ തന്നെ കുട്ടികൾ സ്വയം തീരുമാനമെടുക്കാനുള്ള പ്രാപ്തി നേടണമെന്ന് ജില്ലാ കലക്ടർ പി വിഷ്ണുരാജ് പറഞ്ഞു. കലക്ട്രേറ്റിൽ പ്രതിവാരം നടക്കുന്ന കളം സംവാദ പരിപാടിയിൽ നടുവിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെയും കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരിപഠനത്തിനുള്ള മേഖലകൾ തിരിച്ചറിയുകയും അതിനോടുള്ള താൽപര്യങ്ങളെ പിന്തുടരുകയും ചെയ്യുകയെന്നതാണ് പ്രധാനം. ശരിയായ തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിക്കുറവുകളാണ് പല വീഴ്ചകൾക്കും പിന്നിലുള്ളത്. പാളിപ്പോയ ചില തീരുമാനങ്ങൾ തെറ്റാണെന്ന ബോധ്യവും അതിനെ തിരുത്താനുള്ള മറ്റൊരു അവസരവും വിജയത്തിലേക്കുള്ള ചവിട്ടുപടിയാകും.

പരിമിതികൾ ഒന്നിനുമില്ല. ലൂയി ബ്രയിലിയെ പോലെയുള്ളവർ ലോകത്തെ മാറ്റി മറിച്ചത് പരിമിതികളെയും മറികടന്നുള്ള പരിശ്രമത്തിലൂടെയാണ്. കാഴ്ച പരിമിതികളുള്ള അനേകം പേർക്ക് ഈ ലോകത്തെ കാണിച്ചുകൊടുത്തത് ബ്രെയിലി ലിപിയുടെ ആവിർഭാവത്തോടെയാണെന്നും ജില്ലാ കലക്ടർ പറഞ്ഞു. ദുരന്ത ലഘൂകരണ പ്രക്രിയകളിലെ മാനുഷിക പ്രതികരണം തുടങ്ങി ജില്ലാ ഭരണകൂടത്തിന്റെ വിവിധ ഭരണനിർവ്വഹണ നടപടികൾ ജില്ലാ കലക്ടർ കുട്ടികളോട് വിശദീകരിച്ചു.

കുട്ടികളുടെ ആശയങ്ങൾ എന്തുമാകട്ടെ, ചെറുതായാലും വലുതായാലും കുഴപ്പമില്ല. കാമ്പുണ്ടെങ്കിൽ ഇത്തരം ആശയങ്ങൾ സാക്ഷാത്കരിക്കാൻ കളം തയ്യാറാണ്. കുട്ടികൾക്ക് ജില്ലാ ഭരണകൂടവുമായി ആശയങ്ങൾ പങ്കുവെക്കാനും അവസരം കൂടിയാണ് കളം നൽകുന്നത്. ജില്ലയുടെ വികസന സംബന്ധിയായതും ദീർഘവീക്ഷണമുള്ളതുമായ കുട്ടികളുടെ കാഴ്ചപ്പാടുകൾ ഭരണ നിർവ്വഹണത്തിന്റെ മറ്റൊരു അധ്യായമായി മാറ്റുകയാണ് കളം പരിപാടിയിലൂടെ ജില്ലാ കലക്ടർ.

ഏകപക്ഷീയമായ അഭിപ്രായങ്ങൾക്ക് പകരം കുട്ടികൾക്ക് പറയാനുള്ളത് കൂടി കേൾക്കുന്ന ബഹുമുഖ സംവാദത്തിലൂടെയാണ് കളം ഇന്ററാക്ടീവ് സെഷൻ മുന്നേറുന്നത്. കുട്ടികൾ പങ്കുവെക്കുന്ന പരാതികളിലും പരിഹാരം കാണുകയെന്നതാണ് കളത്തിന്റെയും ഉത്തരവാദിത്തമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഇതിനകം നാനൂറിലധികം പോസ്റ്റ് കാർഡുകളിൽ കുട്ടികൾ അവരുടെ അഭിപ്രായങ്ങളും പരാതികളും ജില്ലാ കലക്ടറുമായി പങ്കുവെച്ചു. പൊതു വിഷയങ്ങൾ, സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, യാത്രക്ലേശങ്ങൾ, പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്നിങ്ങനെ നാനാവിധത്തിലായിരുന്നു കുട്ടികളുടെ പരാതികൾ. എം ആർ എസ് സ്കൂളുമായി ബന്ധപ്പെട്ട് കുട്ടികൾ കളത്തിലുയർത്തിയ പരാതികളിൽ അന്വേഷണവും നടപടികളും സ്വീകരിച്ചിരുന്നു. ഇതിനായുള്ള പ്രത്യേക തുടർയോഗങ്ങളും വിലയിരുത്തലുകളും നടന്നിരുന്നു.

അസിസ്റ്റന്റ് കലക്ടർ എസ്.സ്വാതിയുടെ നേതൃത്വത്തിലാണ് പ്രതിവാര കളം പരിപാടി ഏകോപനം. ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് ടീം കളത്തിൽ വിദ്യാർത്ഥികളുമായുള്ള വിവിധ സെഷനുകളിൽ ക്ലാസ്സെടുക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാലയങ്ങൾക്കാണ് കളത്തിൽ പങ്കെടുക്കാൻ അവസരം നൽകുന്നത്. ഒരേ സമയം ഒരാഴ്ച രണ്ട് വിദ്യാലയങ്ങളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾക്ക് കളത്തിൽ പങ്കെടുക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392204/children-should-become-self-capable-district-collector-p-vishnuraj-kalam-programme-kannur)