---
title: "ചർമരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം കണ്ണൂരിൽ"
english_title: "IADVL Kerala State Conference Cuticon 26 Kannur Dermatologists Conference November 21 22 Nayanar Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392313/iadl-kerala-state-conference-cuticon-26-kannur-dermatologists-conference"
published_at: "2026-11-19T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afeded1c0932_1000247566.jpg"
keywords: ["Cuticon 26 Kannur", "Dermatologists", "conference Kannur"]
---

# ചർമരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ: **ചർമരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ് വെനറോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ്സ് (ഐഎഡിവിഎൽ) കേരള ചാപ്റ്ററിന്റെ 53-ാം സംസ്ഥാന സമ്മേളനം 'ക്യൂട്ടിക്കോൺ 26' നവംബർ 21, 22 തീയതികളിലായി കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ഡെർമ ക്ലബാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

## Article Content

**കണ്ണൂർ: **ചർമരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ് വെനറോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ്സ് (ഐഎഡിവിഎൽ) കേരള ചാപ്റ്ററിന്റെ 53-ാം സംസ്ഥാന സമ്മേളനം 'ക്യൂട്ടിക്കോൺ 26' നവംബർ 21, 22 തീയതികളിലായി കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ഡെർമ ക്ലബാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ബർണശ്ശേരി നായനാർ അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി 600 ചർമരോഗ വിദഗ്ധരും വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുമായി മുന്നൂറോളം പിജി വിദ്യാർത്ഥികളും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ വാസവ ക്ലിഫ് ഹൗസിൽ ഐഎഡിവിഎൽ ദേശീയ ജനറൽ സെക്രട്ടറി ഡോ. ശീതൾ പൂജാരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐഎഡിവിഎൽ സംസ്ഥാന പ്രസിഡന്റ് ഡോ. ഡേവിഡ് പുതുക്കാടൻ അധ്യക്ഷത വഹിക്കും.

ഐഎഡിവിഎല്ലിന്റെ 2026-27 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിൽ നടക്കും. പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ. വിനോദ് നായറും സംസ്ഥാന സെക്രട്ടറിയായി എബി ചാക്കോയും ചുമതലയേൽക്കും.

ഐഎഡിവിഎൽ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. സംസ്ഥാനത്തെ മുതിർന്ന ചർമരോഗ വിദഗ്ധരെ ആദരിക്കും. രാത്രി 7ന് ഐഎഡിവിഎൽ സംസ്ഥാന കൗൺസിൽ യോഗം നടക്കും.

ഡോക്ടർമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടിയും ശിൽപ്പശാലകളും സംഘടിപ്പിക്കും. ചർമ്മത്തിന്റെ വിവിധ പ്രശ്നങ്ങളെ കുറിച്ച് വിദഗ്ധർ 100 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ചർമരോഗങ്ങളെ സൂക്ഷിക്കാം, സ്റ്റിറോയ്ഡ് അടങ്ങിയ സൗന്ദര്യവർധക മരുന്നുകൾ സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നതിലെ വിപത്തുകൾ, ചർമരോഗങ്ങളും വ്യാജചികിത്സകരും തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പിജി വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്രബന്ധങ്ങളും അവതരിപ്പിക്കും.

വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ഡോ. അഷറഫ് പി എം, കോ ചെയർമാൻ ഡോ. ഫിറോസ് കെ, സെക്രട്ടറി ഡോ. രാഹുൽ ബാബു സി, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. രാജീവ് എസ്, ട്രഷറർ ഡോ. പ്രേംജിത് ആർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392313/iadl-kerala-state-conference-cuticon-26-kannur-dermatologists-conference)