---
title: "പത്തനാപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി"
english_title: "Pathanapuram Husband Kills Wife Then Suicide Family Dispute Pattazhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392804/"
published_at: "2026-11-23T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03c8bf39d1d_images_(11).jpeg"
keywords: ["Pathanapuram", "Murder", "Suicide", "Kollam"]
---

# പത്തനാപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി

> **Lead Summary:** കൊല്ലം: പത്തനാപുരം പട്ടാഴിയിൽ കുടുംബപ്രശ്നങ്ങളെത്തുടർന്ന് മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു ആണ് ഭാര്യ ക്രിസ്റ്റിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

## Article Content

കൊല്ലം: പത്തനാപുരം പട്ടാഴിയിൽ കുടുംബപ്രശ്നങ്ങളെത്തുടർന്ന് മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു ആണ് ഭാര്യ ക്രിസ്റ്റിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

ദമ്പതികൾ തമ്മിലുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ കേസ് നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ശനിയാഴ്ച ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടോടെ മകൾ ബിറ്റിക്കൊപ്പം പന്തപ്ലാവിലെ വീട്ടിലെത്തി വസ്ത്രങ്ങൾ എടുക്കുന്നതിനിടെ ബിനുവും ക്രിസ്റ്റിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രകോപിതനായ ബിനു വെട്ടുകത്തി ഉപയോഗിച്ച് ക്രിസ്റ്റിയെ വെട്ടുകയായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ട് ഭയന്നോടിയ മകൾ ബിറ്റിയാണ് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്.

നാട്ടുകാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ ബിനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെഞ്ചിനും തലയ്ക്കും കഴുത്തിനും ഗുരുതരമായി വെട്ടേറ്റ് അമിത രക്തസ്രാവത്തെ തുടർന്നാണ് ക്രിസ്റ്റി മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കൊട്ടാരക്കര ഡിവൈഎസ്പി എസ്.ഷെരിഫ്, കുന്നിക്കോട് എസ്എച്ച്ഒ ശരത് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ബിനു. കലയപുരത്തെ സ്വകാര്യ സ്കൂൾ ജീവനക്കാരിയായിരുന്നു ക്രിസ്റ്റി. വിപിൻ മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392804/)