---
title: "ശബരിമലയിലെ ആറ് ദിവസത്തെ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്; കഴിഞ്ഞ വർഷത്തേക്കാൾ 2,38,000 തീർഥാടകർ കുറഞ്ഞു"
english_title: "Sabarimala Pilgrim Count Drops 238000 In Six Days Aravana Sales Halved Virtual Queue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392812/sabarimala-pilgrim-count-drops-238000-in-six-days-aravana-sales-halved-virtual-queue"
published_at: "2026-11-23T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03d43b30030_images_(66).jpeg"
keywords: ["Sabarimala", "Pilgrims", "Mandala Makaravilakku", "Virtual Queue"]
---

# ശബരിമലയിലെ ആറ് ദിവസത്തെ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്; കഴിഞ്ഞ വർഷത്തേക്കാൾ 2,38,000 തീർഥാടകർ കുറഞ്ഞു

> **Lead Summary:** പത്തനംതിട്ട: ശബരിമലയിലെ ആദ്യ ആറ് ദിവസത്തെ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,38,000-ൽപ്പരം തീർഥാടകരാണ് ഇത്തവണ കുറഞ്ഞത്. അപ്പം അരവണ വിൽപ്പന, അന്നദാനഫണ്ട് എന്നിവയിലും വൻ കുറവുണ്ടായിട്ടുണ്ട്. അതേസമയം വിർച്വൽ ക്യൂ ബുക്കിങ്ങിലെ ദുരൂഹത സൈബർ ഫോറൻസിക് സംഘം പരിശോധിക്കും.

## Article Content

പത്തനംതിട്ട: ശബരിമലയിലെ ആദ്യ ആറ് ദിവസത്തെ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,38,000-ൽപ്പരം തീർഥാടകരാണ് ഇത്തവണ കുറഞ്ഞത്. അപ്പം അരവണ വിൽപ്പന, അന്നദാനഫണ്ട് എന്നിവയിലും വൻ കുറവുണ്ടായിട്ടുണ്ട്. അതേസമയം വിർച്വൽ ക്യൂ ബുക്കിങ്ങിലെ ദുരൂഹത സൈബർ ഫോറൻസിക് സംഘം പരിശോധിക്കും.

നടതുറന്ന വൃശ്ചികം ഒന്നിന് തന്നെ തീർഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ ആറ് ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് മുൻ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിലുണ്ടായ ഭീമമായ ഇടിവ് ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ വർഷം 5.10 ലക്ഷം പേർ എത്തിയപ്പോൾ ഇത്തവണ എത്തിയത് 2.71 ലക്ഷം പേർ മാത്രമാണ്. അതായത് തീർഥാടകരുടെ എണ്ണത്തിലുണ്ടായത് 47 ശതമാനം കുറവാണ്. ശബരിമലയിൽ ഇന്ന് രാവിലെ 6 മണിവരെ ദർശനം നടത്തിയത് 15,105 പേരാണ്. വൃശ്ചികം ഒന്നിന് കഴിഞ്ഞ വർഷം 1.3 ലക്ഷം പേർ എത്തിയപ്പോൾ ഇത്തവണ എത്തിയത് 38,000 പേർ മാത്രമാണ്.

ഈ വർഷം അരവണ വിൽപ്പന പകുതിയായി എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം 18 ലക്ഷം ടിൻ അരവണ വിറ്റ സ്ഥാനത്ത് ഇക്കുറി 9 ലക്ഷം മാത്രമാണ്. അരവണ വിൽപനയിൽ കുറഞ്ഞത് ഒൻപത് കോടിയോളമാണ്. ആദ്യ ആറു ദിവസത്തെ കണക്കാണ് ഇത്. ഇന്നലെ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും വരാതിരുന്നത് 23,714 പേരാണ്. ഇനി ബുക്ക് ചെയ്തു വരാതിരുന്നാൽ ഈ മണ്ഡലകാലത്ത് ബുക്കിങ് കിട്ടില്ല. ബുക്കിങ് സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392812/sabarimala-pilgrim-count-drops-238000-in-six-days-aravana-sales-halved-virtual-queue)